ആലപ്പുഴ: കയർകോർപ്പറേഷനിൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾക്ക് വേണ്ടി തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനക്ക് വന്ന സ്പെഷ്യൽ റൂൾ വിവാദത്തിലൂടെ ഇല്ലാതാക്കാൻ നടത്തിയ ശ്രമം തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് ചെയർമാൻ ടി.കെ.ദേവകുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2008ൽ മുതൽ നഷ്ടത്തിലായിരുന്ന കയർകോർപ്പറേഷൻ ഇപ്പോൾ 2.40കോടി രൂപ ലാഭത്തിലാക്കി. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാം നിരയിലെത്തിച്ചത് കഠിന പ്രയത്നത്തിലൂടെയാണ്. ഈ നേട്ടം കളങ്കപ്പെടുത്താനാണ് ചില ശക്തികൾ ദുഷ്പ്രചരണം നടത്തുന്നത്. കോർപ്പറേഷനിൽ ഭരണസമിതി ആർക്കും സ്ഥിര നിയമനം നടത്തിയിട്ടില്ല. 2002ൽ ചേർന്ന ബോർഡ് തീരുമാന പ്രകാരം 14തസ്തിക പി.എസ്.സിക്ക് വിട്ടിരുന്നു. ഭരണസമിതിയുടെ കകാലയളവിൽ 16പേരെ പി.എസ്.സി നിയമിച്ചു. രണ്ട് വർഷത്തേക്ക് ട്രെയിനികളെ നിയമിച്ചു. ഇവരെ സ്ഥിരപ്പെടുത്തിയിട്ടുമില്ല. ഇപ്പോൾ കൊവിഡ് കാലത്ത് പോലും 200കോടിയിൽ വിറ്റുവരവ് നടത്താൻ കഴിഞ്ഞത് ദിശാബോധത്തോടെയുള്ള പ്രവർത്തനം മൂലമാണ്. ലാഭത്തിലായ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് വേണ്ടി സ്പെഷ്യൽ റൂൾ തയ്യാറാക്കാനാണ് സി.എം.ഡിയെ ഭരണസമിതി ചുമതലപ്പെടുത്തിയത്. ഇതിന്റെ റിപ്പോർട്ട് തൊഴിലാളി സംഘടനാ നേതാക്കവക്കും തൊഴിലാളികൾക്കും നൽകി. സ്പെഷ്യൽ റൂളുമായി ബന്ധപ്പെട്ട വിഷയം ബോധ്യപ്പെടുത്താൻ ഇന്ന് തൊഴിലാളികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്പെഷ്യൽ റൂൾ നടപ്പാക്കുന്നതോടെ ചിലരുടെ സ്ഥാനങ്ങൾ നഷ്ടമാകുമെന്ന് കരുതിയാണ് സ്വന്തം കാര്യത്തിനായി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. പുതിയ ഫാക്ടറികൾ ആരംഭിക്കുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ കോർപ്പറേഷന്

നൽകാൻ കഴിയുമെന്നും ടി.കെ.ദേവകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം.ഡി ജി.ശ്രീകുമാർ, ജനറൽ മാനേജർ എൻ.സുനിരാജ് എന്നിവരും പങ്കെടുത്തു.