
ചെട്ടികുളങ്ങരയിൽ ഭഗവതിയുടെ എഴുന്നള്ളത്തും എതിരേല്പ് മഹോത്സവവും
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കുംഭഭരണി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചെങ്കിലും ഓണാട്ടുകരയിൽ ആരവങ്ങൾ ഒഴിയുന്നില്ല. ഇന്നലെ രാവിലെ ദേവി തണ്ടിൽ കെട്ടുകാഴ്ചകൾക്ക് മുന്നിൽ എഴുന്നള്ളി അനുഗ്രഹം ചൊരിഞ്ഞശേഷം ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിയതോടെയാണ് കുംഭഭരണി മഹോത്സവത്തിന് പരിസമാപ്തിയായത്. ഇനിയുള്ള ദിവസങ്ങളിൽ ഭഗവതിയുടെ എഴുന്നള്ളത്തും എതിരേല്പ് മഹോത്സവവും നടക്കും.
കൊവിഡ് പശ്ചാത്തലത്തിൽ പറയ്ക്കെഴുന്നള്ളത്ത് ഒഴിവാക്കിയെങ്കിലും ആചാരപരമായ ചടങ്ങുകൾക്ക് വേണ്ടിയുള്ള ദേവിയുടെ കരകളിലേക്കുള്ള എഴുന്നള്ളത്ത് 23ന് വീണ്ടും തുടങ്ങും. ഒന്നാം കരയായ ഈരേഴ തെക്ക് കരയിലേക്ക് 23ന് ദേവി എഴുന്നള്ളും. ഇവിടെ പുളിവേലിൽ പറയ്ക്കെഴുന്നള്ളത്തും പുല്ലമ്പള്ളിൽ ഇറക്കിപൂജയും പുതുപ്പുരയ്ക്കൽ ഇറക്കിപൂജയും കോയിക്കത്തറ പോളവിളക്ക് എഴുന്നള്ളത്തും നടക്കും. 24ന് ഈരേഴ വടക്ക് കമ്പനിപ്പടിയിൽ പോളവിളക്ക് എഴുന്നള്ളത്ത്. 25ന് മറ്റം തെക്ക് പോളവിളക്ക് എഴുന്നള്ളത്ത്. 26 മുതൽ മാർച്ച് 10 വരെയാണ് ഈ വർഷത്തെ എതിരേൽപ്പ് മഹോത്സവം നടക്കുന്നത്.
ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റംതെക്ക്, മേനാമ്പളളി, നടയ്ക്കാവ് എന്ന ക്രമത്തിൽ എതിരേൽപ്പ് മഹോത്സവം നടക്കും. എതിരേൽപ് മഹോത്സവത്തിനിടെ 26ന് ഈരേഴ തെക്ക് മുടി എഴുന്നള്ളത്ത്, മാർച്ച് 1ന് നെടുവേലിൽ അൻപൊലി, 3ന് കണ്ണമംഗലം വടക്ക് കരയിൽ മൂലയ്ക്കാട്ടുചിറയിൽ എഴുന്നള്ളത്ത്, 8ന് മുടിയിൽ ഇറക്കിപ്പൂജ എന്നിവയും നടക്കും.
എതിരേൽപ് മഹോത്സവത്തിന് ശേഷം ശിവരാത്രി നാളായ 11ന് കണ്ണമംഗലം തെക്ക് മഹാദേവ ക്ഷേത്രത്തിൽ പിതൃപുത്രി സംഗമം, മുടുവൻപുഴത്ത് ഇറക്കിപൂജ എന്നിവ നടക്കും.
13ന് പേള പള്ളേമ്പിൽ ചിറയിൽ പോളവിളക്ക് എഴുന്നള്ളത്ത്. 14ന് മറ്റം വടക്ക് ആൽത്തറയിൽ പോളവിളക്ക് എഴുന്നള്ളത്ത്. 15ന് കടവൂർ മനായിൽ ക്ഷേത്രത്തിൽ പോളവിളക്ക് എഴുന്നള്ളത്ത്. 16ന് ചെട്ടികുളങ്ങര ഭഗവതിയുടെ മൂല കുടുംബമായ ആഞ്ഞിലിപ്രാ പുതുശേരിൽ അമ്പലത്തിൽ ദീപാരാധന, അത്താഴപൂജ, കോളശേരിൽ ഇറക്കിപൂജ എന്നിവ നടക്കും.
അശ്വതി അടിയന്തരമായ 17ന് ഈഴേര വടക്ക് കുതിരചുവട്ടിൽ എഴുന്നള്ളത്ത്, ഈരേഴ തെക്ക് ചെറുമാളിയേക്കൽ ഇറക്കിപൂജ, മേനാമ്പള്ളി പോളവിളക്ക്, കൈത തെക്ക് എഴുന്നള്ളത്ത്. 19ന് തിരുവാഭരണങ്ങൾ അണിഞ്ഞുള്ള അമ്മയുടെ വിശേഷാൽ കാർത്തിക ദർശനത്തോടെ ഈ വർഷത്തെ ഉത്സവ അടിയന്തരത്തിന് സമാപനമാകും.