tv-r

അരൂർ: ചന്തിരൂർ കുമർത്തുപടി ഭഗവതി ക്ഷേത്രത്തിൽ നിന്ന് പതിനായിരത്തോളം രൂപ മോഷ്ടാക്കൾ കവർന്നു. യുവാവായ മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ക്യാമറയിൽ പതിഞ്ഞു .ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് മോഷണം. മോഷ്ടാവ് ഒരു മണിക്കൂർ ഓഫീസ് മുറിയിൽ ചെലവഴിച്ചതായി കാമറ ദൃശ്യത്തിലുണ്ട്. ഇന്നലെ രാവിലെ സെക്രട്ടറി ഓഫീസ് തുറക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓഫീസ് മുറിയുടെ പിൻഭാഗത്തുള്ള മതിൽ ചാടി കടന്ന് ജനൽ കമ്പി അറുത്ത് മുറിച്ചു സദ്യാലയത്തിൽ പ്രവേശിച്ച ശേഷം മറ്റൊരു ജനൽ തകർത്ത ശേഷമാണ് ഓഫീസിനുള്ളിൽ കവർച്ച നടത്തിയത്. അരൂർ പൊലീസ് പരിശോധന നടത്തി. ഓഫീസ് മുറിയിലെ രണ്ട് മേശയും പുറത്തുള്ള വഴിപാട് കൗണ്ടറിലെ മേശയും തകർത്താണ് പണം കവർന്നത്. ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് ദേശീയ പാതയോരത്തെ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്.