ആലപ്പുഴ : ബി.ഡി.ജെ.എസ് സംസ്ഥാന പഠന ശിബിരത്തിന് ആലപ്പുഴ ഇന്ന് ആതിഥേയത്വമരുളും.

രാവിലെ പത്തിന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്ന പഠന ശിബിരം ചരിത്രസംഭവമാക്കാനുള്ള പ്രവർത്തനത്തിലായിരുന്നു ഇന്നലെ രാത്രി വൈകിയും പ്രവർത്തകർ. ആലപ്പുഴ നഗരവും പരിസരവും കൊടിതോരണങ്ങളാലും സ്വാഗത കമാനങ്ങളാലും ഫ്ളക്സ്‌ബോർഡുകളാലും നിറഞ്ഞു.

ഇന്ന് രാവിലെ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പതാക ഉയർത്തും. തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ പഠന ക്ലാസിന് നേതൃത്വം നൽകും. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കു രൂപം നൽകും രാഷ്ട്രീയ പ്രമേയങ്ങളും സംഘടനാ പ്രമേയങ്ങളും അവതരിപ്പിക്കും.

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കുവാൻ പിറവിയെടുത്ത ബി.ഡി.ജെ.എസ് രൂപീകരിച്ച് അഞ്ച് വർഷം പിന്നിടുന്ന വേളയിലാണ് നിയമസഭ തിരഞ്ഞെടുപ്പ് എത്തുന്നത്. പാർട്ടി കഴിഞ്ഞ തവണ നേടിയ ഏഴുലക്ഷത്തിൽപ്പരം വോട്ടുകൾ ഇത്തവണ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. എൻ.ഡി.എയുടേയും അതിലെ പ്രധാന കക്ഷിയായ ബി.ഡി.ജെ.എസിന്റെയും പ്രവർത്തനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലം വരെ സജീവവും ശക്തവുമാക്കുന്നതിനുമായി പാർട്ടി സംസ്ഥാന കൗൺസിൽ രൂപം നൽകിയ കർമ്മപരിപാടികൾ പ്രായോഗിക തലത്തിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പഠന ശിബിരം സംഘടിപ്പിക്കുന്നത്.