
വഴിയോര തണ്ണിമത്തൻ കച്ചവടം ഉഷാറാകുന്നു
ആലപ്പുഴ : വേനൽ കടുത്തതോടെ വഴിയോരങ്ങളിലെ തണ്ണിമത്തൻ കച്ചവടവും ശീതളപാനീയ വിപണിയും സജീവമാകുന്നു. കർണാടക, തമിഴ്‌നാട്, ചേർത്തല, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സാധാരണ തണ്ണിമത്തന് ഒന്നര ആഴ്ച മുമ്പ് കിലോയ്ക്ക് 15ഉം കിരണിന് 20ഉം രൂപ നിരക്കിലാണ് വില്പന നടത്തിയത്. യഥാക്രമം 20ഉം 30രൂപയുമാണ് ഇപ്പോഴത്തെ വില. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ ഇനം തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ പ്രിയം.
പാതയോരത്ത് 15മുതൽ 25 രൂപ വരെയാണ് ഒരു ഗ്ളാസ് തണ്ണിമത്തൻ ജൂസിന് വില. ശരീരത്തിൽ ജലാംശം നിലനിറുത്താൻ തണ്ണിമത്തൻ ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീര താപനിലയെ നിയന്ത്രിച്ചു നിറുത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ പ്രിയപ്പെട്ട വേനൽ ഫലമാക്കി മാറ്റിയത്. തണ്ണിമത്തനും പൈനാപ്പിളും പഴവും മധുരവും ചേർത്ത മിക്സഡ് ജ്യൂസിനും ആവശ്യക്കാരേറെയാണ്.
വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് തണ്ണിമത്തൻ വ്യാപാരികളുടെ പ്രതീക്ഷ. കരിക്കിനും ആവശ്യക്കാരേറെയാണെങ്കിലും നാടൻ കരിക്കിന്റെ ലഭ്യത നന്നേകുറവാണ്. സംസ്ഥാനത്ത് നാളികേരത്തിന്റെ വിലകൂടിയത് കാരണം തമിഴ്‌നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായി എത്തുന്നത്. 40 രൂപയാണ് ഒരു കരിക്കിന് ഇപ്പോൾ വില. വേനൽ കടുക്കുന്നതോടെ വില ഇനിയും ഉയർന്നേക്കും.
തണ്ണിമത്തൻ കൂടുതൽ കഴിച്ചാൽ
പൊട്ടാസ്യം കൂടുതലുള്ളതിനാൽ കിഡ്‌നി രോഗികൾക്ക് ദോഷം
പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് കൂട്ടും
തണ്ണിമത്തൻ വില രൂപയിൽ (കിലോഗ്രാമിന് )
സാധാ തണ്ണിമത്തൻ : 20-25
കിരൺ : 25-30
ജൂസ് നിരക്ക് (രൂപയിൽ)
മിക്സഡ് -40
ഫ്രഷ് -40
(ഓറഞ്ച്,ആപ്പിൾ, പൈനാപ്പിൾ,മുന്തിരി,ഷമാം)