
പൊലീസ് ഓർഡർ ചെയ്തിട്ടുള്ളത് 56 എണ്ണത്തിന്
ആലപ്പുഴ : മദ്യപിച്ച് വാഹനം ഓടിച്ച് പിടിക്കപ്പെട്ട് ബ്രീത്ത് അനലൈസറിൽ ഊതിയാൽ ഇനി ബീപ് ശബ്ദം ഉയരുക മാത്രമല്ല. ഊതുന്ന ആളിന്റെ ചിത്രവും തെളിയും. ഈ സൗകര്യങ്ങളുള്ള ബ്രീത്ത് അനലൈസറുകൾ (ആൽക്കോമീറ്റർ) പരിശോധനയ്ക്ക് ഏർപ്പെടുത്താൻ തയ്യാറെടുക്കുകയാണ് പൊലീസ്. കാമറയും പ്രിന്ററും കളർ ടച്ച് സ്‌ക്രീനുമുള്ള ഇത്തരം ബ്രീത്ത് അനലൈസറുകൾ നിലവിൽ പരീക്ഷണഘട്ടത്തിലാണ്.
കുറഞ്ഞത് 4 മെഗാപിക്‌സൽ ശേഷിയുള്ള വൈഡ് ആംഗിൾ കാമറയാകും പുതിയ ബ്രീത്ത് അനലൈസറിൽ ഉണ്ടാകുക. നിലവിൽ 56 എണ്ണത്തിനാണ് പൊലീസ് ടെൻഡർ വിളിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ടെൻഡർ സമർപ്പിച്ച കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അതിൽ ഏറ്റവും സെൻസിറ്റിവ് ആയ ഉപകരണമാകും തിരെഞ്ഞെടുക്കുക. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.ജില്ലയിൽ എത്ര ബ്രീത്ത് അനലൈസറുകൾ ലഭ്യമാകുമെന്നതിൽ വ്യകതയില്ല. 64 ജി.ബി ശേഷിയുള്ള മെമ്മറി കാർഡിൽ 30,000 പേരുടെ ടെസ്റ്റ് വിവരങ്ങൾ ശേഖരിച്ച് വെയ്ക്കാൻ കഴിയും. ഈ വിവരങ്ങൾ പിന്നീട് കമ്പ്യൂട്ടറിലേയ്ക്ക് മാറ്റാം. മൊബൈൽബാങ്ക്, ഓൺലൈൻ പേമെന്റ് എന്നിവ വഴിയോെ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പോസ്റ്റോഫീസ് വഴിയോ 15 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം. .ബാറുകൾ തുറന്നതോടെ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നാണ് പൊലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും പറയുന്നത്.
വെറും രേഖയല്ല
ആൽക്കോമീറ്ററിലേയ്ക്ക് ഊതുമ്പോൾ ഉച്ഛ്വാസവായു പരിശോധിക്കുന്നതിനോടൊപ്പം തന്നെ ഡ്രൈവറിന്റെചിത്രവും പകർത്തപ്പെടും. കൂടാതെ യന്ത്രത്തിലെ ജി.പി.എസ് സംവിധാനം ലൊക്കേഷനും രേഖപ്പെടുത്തും. രക്തത്തിലെ ആൽക്കഹോളിന്റെ അളവിനൊപ്പം ഉപകരണത്തിന്റെ സീരിയൽ നമ്പർ, ടെസ്റ്റ് നടത്തിയ തീയതിയും സമയവും, ഡ്രൈവറുടെ പേര്, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ ലൊക്കേഷൻ, ടെസ്റ്റ് നടത്തിയ ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവയടങ്ങിയ രസീത് ആയിരിക്കും ഉപകരണത്തിലെ പ്രിന്റർ വഴി ലഭിക്കുക. ഡ്രൈവറുടെ ചിത്രമടക്കം എല്ലാ രേഖകളും ഫയൽ ആയി ഉപകരണത്തിന്റെ മെമ്മറി കാർഡിൽ സൂക്ഷിക്കും.
ഊതിക്കൽ തത്കാലമില്ല
മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ ശിക്ഷ 10,000 രൂപയാണ്.നേരത്തെ ഇത് 2000 രൂപയായിരുന്നു. പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന ഭേദഗതി ബില്ലിലാണ് മദ്യപിച്ചുള്ള ഡ്രൈവിംഗിന്റെ പിഴ പതിനായിരമായി ഉയർത്തിയത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന തത്കാലം നിറുത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധ ബ്രീത്ത് അനലൈസർ ഉപയോഗം വഴി സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നുന്നവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
'' കൊവിഡ് കാലമായതിനാൽ മെഷിനുകൾ ലഭ്യമായാലും തത്കാലം ഉപയോഗിക്കാൻ കഴിയില്ല. ജില്ലയിലേക്ക് എത്ര എണ്ണം ലഭ്യമാകുമെന്നതിൽ വ്യക്തതയില്ല. . പലപ്പോഴും മദ്യപിച്ച് വാഹനം ഓടിച്ച് പിടികൂടുമ്പോൾ ഡ്രൈവർമാരുമായി വാക്കുതർക്കം ഉണ്ടാകാറുണ്ട്.
പൊലീസ് അധികൃതർ