s

ആലപ്പുഴ : ഹോട്ടലുകളെ വെടിപ്പാക്കാൻ ഇനി ഹരിത കർമ്മ സേനയും രംഗത്തെത്തും. സ്വച്ഛ് ഹോട്ടൽ പദ്ധതിയുടെ ഭാഗമായാണ് ശുചിത്വമിഷൻ ഹരിത കർമ്മസേനയുടെ സേവനം ഹോട്ടലുകളിലേക്കും വ്യാപിപ്പിക്കുന്നത്.

നിലവിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണമാണ് ഹരിത കർമ്മ സേന നടത്തുന്നത്. ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളെയും സമ്പൂർണ ശുചിത്വ നിലവാരത്തിലെത്തിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തട്ടുകടകൾ ഉൾപ്പെടെയുള്ള എല്ലാ ഭക്ഷണശാലകളിലും ജൈവമാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നുണ്ടെന്നും, ഇല്ലെങ്കിൽ ഏജൻസികൾ വഴി പന്നി ഫാമുകളിലോ മത്സ്യ കൃഷി യൂണിറ്റുകളിലോ എത്തിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തും.

അജൈവ മാലിന്യങ്ങൾ തരംതിരിച്ച് അതത് സ്ഥലങ്ങളിലെ ഹരിത കർമ്മസേനകൾക്കു കൈമാറണം. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ രീതി നിലവിൽ ഇല്ലാത്ത ഹോട്ടലുകൾക്കെതിരെ പദ്ധതിയുടെ ഭാഗമായി കർശന നടപടി ഉണ്ടാകും. എല്ലാ ഹോട്ടലുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഒറ്റത്തവണ ഉപയോഗത്തിനു ശേഷം വലിച്ചെറിയുന്ന വസ്തുക്കളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുകയും പാഴ്‌സൽ ഭക്ഷണവിതരണം ഗ്രീൻ പ്രോട്ടോക്കോളിലേക്കു മാറ്റുകയും ചെയ്യും.

ഏകോപന ചുമതല

പദ്ധതിയുടെ ജില്ലാതല ഏകോപന ചുമതല ജില്ലാ ശുചിത്വ മിഷനും ഭക്ഷ്യസുരക്ഷ വകുപ്പിനുമാണ്. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണു സ്വച്ഛ് ഹോട്ടൽ പദ്ധതി നടപ്പാക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ സ്വച്ഛ് ഹോട്ടൽ കാമ്പയിൻ കോ-ഓർഡിനേഷൻ കമ്മിറ്റികൾ ഉടൻ രൂപീകരിക്കും. കമ്മിറ്റി അംഗങ്ങൾ നേരിട്ടായിരിക്കും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുക.

വൃത്തിയിൽ ബഹുദൂരം പിന്നിൽ

ജില്ലയിൽ മുക്കിന് മുക്കിന് തട്ടുകടകളും പൊരിക്കടകളും ഉയർന്നുവരുന്നുണ്ടെങ്കിലും മിക്ക ഇടങ്ങളിലും പാത്രം കഴുകാനോ മാലിന്യങ്ങൾ നിക്ഷേപിക്കാനോ വേണ്ടത്ര ഇടമില്ല. കാനകളുടെ മുകളിലാണ് തട്ടുകടകൾ പലതും പ്രവർത്തിക്കുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും പ്ലാസ്റ്റിക് ഉപയോഗം കുറച്ചിരുന്നെങ്കിലും കൊവിഡ് മറവിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചുള്ള പാക്കിംഗ് കൂടിയിട്ടുണ്ട്. ഭൂരിഭാഗം കടകളിലും പാഴ്സൽ വിതരണമാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത്. ജൈവ മാലിന്യത്തോടൊപ്പം അജൈവ മാലിന്യ സംസ്കരണവും ഹരിത മിഷൻ ഏറ്റെടുക്കുമ്പോൾ ജില്ല സമ്പൂർണ ശുചിത്വത്തിലേക്ക് എത്തും. ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകുന്ന ജില്ലയായതിനാൽ ഇത് കൂടുതൽ പ്രയോജനപ്പെടും.

ശുചിത്വമിഷൻ

തദ്ദേശസ്വയം ഭരണവകുപ്പിന്റെ കീഴിലുള്ള സാങ്കേതിക വിഭാഗമാണ് ശുചിത്വമിഷൻ.ശുചിത്വമാലിന്യ നിർമാർജന പദ്ധതികൾക്കുവേണ്ട പ്രായോഗിക സംവിധാനം ഒരുക്കുന്നത് ശുചിത്വമിഷനമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനും മാലിന്യ നിർമാർജനം നടപ്പാക്കുന്നതിനുമുള്ള നോഡൽ ഏജൻസിയായും പ്രവർത്തിക്കുന്നു.

.....

'' ജില്ലയിലെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളെയും സമ്പൂർണ ശുചിത്വ നിലവാരത്തിൽ നിലനിറുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ഭക്ഷണശാലകളിലും കൃത്യമായി നിരീക്ഷണം നടത്തി മാലിന്യങ്ങൾ നീക്കം ചെയ്യും. തദ്ദേശ സ്ഥാപനങ്ങുമായി ചർച്ച നടത്തി പദ്ധതി ഉടൻ നടപ്പാക്കും. ആദ്യ ഘട്ട സർവേ നടന്നുവരികയാണ്.

(ശുചിത്വമിഷൻ അധികൃതർ)