jwelery-theft

ആലപ്പുഴ: ദേശീയ പാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജംഗ്ഷനു സമീപമുള്ള ബ്രദേഴ്‌സ് ജൂവലറി കുത്തിത്തുറന്ന് 16 പവൻ സ്വർണാഭരണങ്ങൾ കവർന്നു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് മോഷണം നടന്നത്.

ലോക്കറിന്റെ സുരക്ഷയ്ക്കായി വച്ചിരുന്ന സെൻസറിൽ നിന്ന് മൊബൈലിലേക്ക് സന്ദേശമെത്തിയതിനെത്തുടർന്ന് കട ഉടമ പുരുഷൻ ഉടൻ സ്ഥലത്തെത്തിയെങ്കിലും കടയ്ക്കു സമീപം നിറുത്തിയിട്ടിരുന്ന ഒരു പിക്ക് അപ്പ് വാൻ വേഗതയിൽ പോകുന്നതായി കണ്ടു. കടയും ലോക്കറും കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാസും കടയ്ക്കുള്ളിലെ കമ്പ്യൂട്ടർ മോണിട്ടറും കടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാവ് മങ്കി ക്യാപ്പും ഓവർക്കോട്ടും ധരിച്ചിരുന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്വർണാഭരണങ്ങൾക്കൊപ്പം ജൂവലറിയിൽ ഡിസ്‌പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങളും മോഷ്ടാവ് എടുത്തെങ്കിലും ഇവ പിന്നീട് സമീപത്തെ കടയ്ക്കു മുന്നിലും കടുവൻകുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കായംകുളം ഡിവൈ.എസ്.പി അലക്‌സ് ബേബി, ഹരിപ്പാട് സി.ഐ. സി.ആർ.ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്ദ്ധർ എന്നിവരും പരിശോധന നടത്തി.

കഴിഞ്ഞ ഓണാവധിക്കാലത്ത് കരുവാറ്റയിലെ സഹകരണബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലയുള്ള പണയ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. പ്രതികളെ പിടിച്ചെങ്കിലും തുടർ അന്വേഷണം നടക്കുകയാണ്.