തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ ഉല്‌പ്പാദന മേഖലയ്ക്ക് ഊന്നൽ നൽകി ബഡ്ജറ്റ് അവതരിപ്പിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിനും വെള്ളക്കെട്ട് നിവാരണത്തിനുമായി ബഡ്ജറ്റിൽ പ്രത്യേക തുക വകയിരുത്തി. പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ തോടുകളും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിനും പാർശ്വഭിത്തി കെട്ടുന്നതിനും കയർ ഭൂവസ്ത്രം വിരിക്കുന്നതിനും പദ്ധതികൾ ഏറ്റെടുത്തു. ഭവനരഹിതർക്കും ഭൂരഹിതരായ ഭവന രഹിതർക്കും ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കുന്നതിന് 4.65 കോടി രൂപ വകയിരുത്തി. 22.79 കോടി രൂപ വരവും 22.65 കോടി രൂപ ചെലവും 13 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. വൈസ് പ്രസിഡൻറ് പി.പി.പ്രതീഷ് ബജറ്റ് അവതരിപ്പിച്ചു .പഞ്ചായത്ത് പ്രസിഡൻറ് പി.വത്സല അദ്ധ്യക്ഷയായി. സെക്രട്ടറി പി.സി.സേവ്യർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിന്ധു ബിജു, ആശാലത,ദീപ തുടങ്ങിയവർ പങ്കെടുത്തു.