s

കൊവിഡ് ബാധിച്ചാലും പരീക്ഷയെുതാൻ അവസരം

ആലപ്പുഴ: പരീക്ഷക്കാലത്ത് കൊവിഡ് വ്യാപനമുണ്ടായാലും വിദ്യാർത്ഥികൾക്ക് ആശങ്കയില്ലാതെ പരീക്ഷയെഴുതാൻ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൊവിഡ് പരിശോധന ആരംഭിച്ചത്. ഇതുവരെ ചാരമംഗലം സ്കൂളിലെ രണ്ട് കുട്ടികൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ വീടുകളിൽ ക്വാറന്റൈനിലാണ്. ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. മാർച്ചിലെത്തുന്ന പരീക്ഷയെപ്പറ്റി ആലോചിക്കുമ്പോൾ ആശങ്ക നിറയുന്ന വിദ്യാർത്ഥികൾക്കായി കഴിഞ്ഞ ഒരു മാസം സൈക്കോ സോഷ്യൽ കൗൺസിലർമാർ കൗൺസിലിംഗ് നടത്തിയിരുന്നു. രോഗ വ്യാപന ഭീതിയിലാണ് വിദ്യാർത്ഥികളിൽ പലരും. കൊവിഡ് ബാധിച്ച വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷവും പരീക്ഷ എഴുതാൻ അവസരമൊരുക്കിയിരുന്നു.

ഓൺലൈൻ ക്ലാസുകളിൽ നിന്ന് ക്ലാസ്‌ മുറികളിലെത്തിയ എസ്എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഓൺലൈൻ ക്ളാസുകളിൽ വേണ്ടത്ര ശ്രദ്ധനൽകാൻ കഴിയാതിരുന്നവർക്കാണ് മാനസിക സമ്മർദ്ദം ഏറെയുള്ളത്. ജില്ലയിൽ 4000 ത്തോളം കുട്ടികൾക്കാണ് ഇതിനോടകം കൗൺസലിംഗ് നൽകിയത്.

ഗ്രേസ് മാർക്ക്?

പരീക്ഷ അടുക്കുമ്പോൾ സ്വാഭാവികമായുണ്ടാവുന്ന ആശങ്കയ്ക്കൊപ്പം കൊവിഡ് കൂടി വന്നതോടെ അങ്കലാപ്പിലാണ് കുട്ടികൾ. ഇതിനുള്ള പരിഹാരത്തിന്റെ പാതയിലാണ് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് ബാധിച്ചാൽ പരീക്ഷ മുടങ്ങുമോ എന്നതാണു കുട്ടികളുടെ ഭീതി. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നവർ പോലും പഠനം ഓൺലൈനിലേക്കു മാറിയതോടെ പിന്നാക്കം പോയെന്ന് അദ്ധ്യാപകർ പറയുന്നു. ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാവില്ലെന്നതും കുട്ടികളെ പരിഭ്രമത്തിലാക്കുന്നുണ്ട്.

പരീക്ഷ എഴുതാം

പരീക്ഷക്കാലത്ത് കുട്ടികൾക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്താലും പേടിക്കേണ്ടതില്ല. പൊതുപരീക്ഷ എഴുതാം. ഇവർക്കായി പ്രത്യേകം ക്ലാസ് മുറികൾ സജ്ജീകരിക്കും. ഈ ക്ലാസിൽ ചുമതലയുള്ള അദ്ധ്യാപകർ പി.പി .ഇ കിറ്റ് ധരിച്ചാവും എത്തുക.

..................

ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളുടെ ക്ലാസുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. സ്കൂളുകളിൽ നിന്ന് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികൾ ഭയക്കേണ്ട കാര്യമില്ല. കൊവിഡ് പോസിറ്റീവായാൽ ഓൺലൈനായി അദ്ധ്യാപകർ ക്ലാസുകൾ നൽകും. പരീക്ഷ സമയത്ത് ഇവരെ സുരക്ഷിതമായി എഴുതിക്കും

(ധന്യ ആർ.കുമാർ,ഡി.ഡി.ഇ, ആലപ്പുഴ)