s

ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയർന്നു നിൽക്കുന്നതിനാൽ സൂര്യാഘാതവും തീപിടിത്തങ്ങളും ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ്, ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

ജില്ലയിൽ ചിലയിടങ്ങളിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പുൽച്ചെടികൾ ഉണങ്ങിക്കിടക്കുന്നതിനാൽ തീ ആളിപ്പടരാൻ സാദ്ധ്യതയുണ്ട്. ജാഗ്രതയാണ് അനിവാര്യമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽപ്പോലും ഓരോ മണിക്കൂർ കഴിയുമ്പോൾ രണ്ട് മുതൽ നാലുവരെ ഗ്ലാസ് വെളളം കുടിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കൂടുതലായി വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെളളവും നാരങ്ങാ വെള്ളവും കുടിക്കണം. സൂര്യാഘാതമെന്ന് സംശയം തോന്നിയാൽ ജോലി നിറുത്തി വിശ്രമിക്കണം. കട്ടികുറഞ്ഞ, വെളുത്തതോ ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം.

ഫയർഫോഴ്സ് നിർദ്ദേശങ്ങൾ

 പ്ലാസ്റ്റിക്, കാർഡ് ബോർഡ് തുടങ്ങി അഗ്‌നിബാധ ഉണ്ടാകാൻ സാദ്ധ്യതയുള്ള വസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിടരുത്

 ഉണങ്ങി നിൽക്കുന്ന പുൽപ്രദേശങ്ങളിൽ ചപ്പുചവറുകൾ കത്തിക്കരുത്

 ഉപയോഗശൂന്യമായ പെർഫ്യൂം ബോട്ടിലുകൾ, സിഗരറ്റ് ലൈറ്ററുകൾ, സാനിട്ടൈർ ബോട്ടിലുകൾ എന്നിവ അലക്ഷ്യമായി ഇടരുത്. അഗ്നിബാധയുണ്ടായാൽ അപകട സാദ്ധ്യത വർദ്ധിക്കും

 പാടശേഖരങ്ങളിൽ ഫയർ ബ്രേക്കുകൾ നിർമ്മിക്കണം

 ആഴ്ചയിൽ ഒരു ദിവസം വീടുകളിൽ ശുചീകരണം നടത്തണം

 പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം

 വാഹനങ്ങളിൽ ഇന്ധനം ആവശ്യാനുസരണം മാത്രം നിറയ്ക്കണം