
ആലപ്പുഴ : കുംഭച്ചൂട് കടുക്കുകയും സ്വാഭാവിക ജലസ്രോതസുകൾ വറ്റി വരളുകയും ചെയ്തതോടെ കുട്ടനാട്,അപ്പർ കുട്ടനാട് മേഖലയിൽ കുടിവള്ളത്തിനായി ജനം നെട്ടോട്ടത്തിലായി. സാധാരണ മാർച്ചോടെയാണ് കുടിവെള്ളക്ഷാമത്തിന് തുടക്കമെങ്കിലും ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേ കുടിവെള്ളം കിട്ടാതായി. ഏപ്രിലും മേയും എത്തുന്നതോടെ ക്ഷാമം കടുക്കും.
കൈനകരി,ചമ്പക്കുളം,പുളിങ്കുന്ന് ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമത്തിനോടൊപ്പം ഓരുവെള്ള ഭീഷണിയും വെല്ലുവിളി ഉയർത്തുന്നു. അപ്പർകുട്ടനാടിന്റെ പടിഞ്ഞാറൻ മേഖലയിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. മാന്നാർ പഞ്ചായത്തിലെ നാല് വാർഡുകളിൽ ശുദ്ധജലമെത്തുന്നത് ചെന്നിത്തല –തൃപ്പെരുന്തുറ ശുദ്ധജലവിതരണം പദ്ധതി, മാന്നാർ പാലമൂട്ടിൽ ശുദ്ധജലവിതരണ പദ്ധതികളിൽ നിന്നാണ്. പഴക്കമുള്ള പാലുമുട്ടിൽ പദ്ധതിയെ ചെന്നിത്തല പദ്ധതിയുമായി യോജിപ്പിച്ചപ്പോൾ മാന്നാർ പടിഞ്ഞാറൻ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇനിയും വെള്ളം ലഭിക്കാത്ത ഒട്ടേറെ സ്ഥലങ്ങൾ മാന്നാറിലുണ്ട്.
കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൂർണമായി മാറ്റി സ്ഥാപിച്ചാലേ പ്രശ്ന പരിഹാരമാവുകയുള്ളൂ .ഈ പ്രദേശത്തുള്ളവർ പൈപ്പ് ജലത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ചുരുക്കം ചില വീട്ടുകാർക്കേ കിണറുകളുളളു.
വരൾച്ച കടുത്തു
പമ്പയും, മണിമലയാറും അച്ചൻകോവിലാറും വറ്റിത്തുടങ്ങി
നദികളിലേക്കുള്ള കൈവഴികളിൽ വെള്ളമില്ല.
അപ്പർ കുട്ടനാട്ടിൽ വെള്ളത്തിനായി ഓലികൾ കുഴിച്ചു തുടങ്ങി.
ഏത്തവാഴ, വെറ്റിലക്കൊടി, പച്ചക്കറി കൃഷികൾ പ്രതിസന്ധിയിലായി.
ശ്രദ്ധിക്കാൻ
 തിളപ്പിച്ചാറ്റിയ വെള്ളം കൂടുതലായി കുടിക്കണം.
 പച്ച വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കി വേണം കുടിക്കാൻ.
 പൈപ്പ് വെള്ളം തിളപ്പിച്ച് വേണം കുടിക്കാൻ
 ശരീരത്തിന് തണുപ്പ് കിട്ടുന്ന ഭക്ഷണം കഴിക്കണം
 പച്ചക്കറികൾ, ഇലക്കറികൾ, പഴ വർഗങ്ങൾ എന്നിവ കൂടുതലായി കഴിക്കണം.
.