s

ആലപ്പുഴ: വിവിധ സാങ്കേതിക പരീക്ഷകൾക്ക് ശേഷം ടൂറിസം വകുപ്പിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാർക്ക് സ്ഥിര നിയമനം ഇന്നും അകലെ. പത്ത് വർഷം താത്കാലികമായി ജോലി നോക്കിയവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ അതിനെക്കാൾ ഇരട്ടി സർവീസുള്ള ലൈഫ് ഗാർഡുമാരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് സമീപനമാണ് കാണിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഇടത് സർക്കാർ അധികാരത്തിൽ കയറിയ ശേഷം പ്രതിദിന വേതനത്തിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.

കേരള തീരത്ത് 176 ലൈഫ് ഗാർഡുമാരാണ് ജോലി ചെയ്യുന്നത്. ഇൻഷ്വറൻസും ഇ.എസ്.ഐയും അടക്കമുള്ള യാതൊരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. ശാരീരിക അളവെടുപ്പ് മുതൽ എഴുത്തുപരീക്ഷ വരെയുള്ള കഠിന പരീക്ഷണം വിജയിച്ചാണ് ഗാർഡുമാർ ജോലിയിൽ പ്രവേശിക്കുന്നത്. ശാരീരിക ക്ഷമത അറിയുന്നതിന് നൂറുമീറ്റർ ഓട്ടമാണ് ആദ്യം. തുടർന്ന് കടലിലെ 1400 മീറ്റർ നീന്തൽ. ആദ്യം 700 മീറ്റർ നീന്തിയശേഷം ഭാരവുമായി തിരികെയുള്ള 700 മീറ്റർ കടക്കണം. പിന്നീട് 60 കിലോ ഭാരമുള്ള ആളെ തോളിലേറ്റി 50 മീറ്റർ ഓടണം. ഇതെല്ലാം കടൽ അശാന്തമായിരിക്കുമ്പോഴാണ് ചെയ്യുന്നത്. ഇത്രയും വിജയകരമായി പൂർത്തിയാക്കിയാൽ കാത്തിരിക്കുന്നത് അഭിമുഖവും എഴുത്ത് പരീക്ഷയുമാണ്. അതിലും വിജയിച്ചാൽ രണ്ടുമാസക്കാലം പരിശീലനം.

2007-ലെ നിയമനത്തിൽ ആലപ്പുഴയിൽ 1800 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ 23 പേരാണ് പാസായത്. ഇതിൽ ആറു പേർക്ക് മാത്രമാണ് പരിശീലനം പൂർത്തിയാക്കി നിയമനം ലഭിച്ചത്.

ജോലി കഠിനം

അപകടത്തിൽപ്പെടുന്നവരെ ഏതു സമയത്തും രക്ഷിക്കേണ്ട ചുമതല ഇവർക്കുണ്ട്. പലപ്പോഴും തങ്ങളുടെ സുക്ഷിതത്വം പോലും വകവയ്ക്കാതെയണ് ലൈഫ് ഗാർഡുകൾ സഞ്ചാരികളെ രക്ഷിക്കുന്നത്. മില്ല. ഷിഫ്റ്റടിസ്ഥാനത്തിൽ എട്ട് മണിക്കൂറാണ് ജോലിയെങ്കിലും ചില അവസരങ്ങളിൽ 12 മണിക്കൂർ വരെ നീളുന്ന സാഹചര്യവുമുണ്ട്.

ആകെ ലൈഫ് ഗാർഡുകൾ : 176

33 വർഷത്തെ സർവീസുള്ളവർ : 13

പത്ത് വർഷത്തിലേറെയായി ജോലി ചെയ്യുന്നവർ : 90

ലൈഫ് ഗാർഡിന്റെ പ്രതിദിന വേതനം : 815രൂപ

മാറി മാറി വന്ന സർക്കാരുകൾ ഇൻഷ്വറൻസ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് പറ്റിച്ചു. വർഷങ്ങളായി ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഞങ്ങൾക്കും സ്ഥിരം നിയമനം നൽകണം

- ലൈഫ് ഗാർഡുമാർ