
ആലപ്പുഴം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഏത് പ്രായത്തിലുള്ളവർക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്ന നിലയിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നാല് മാസമാണ് കോഴ്സിന്റെ കാലാവധി. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാകും സമ്പർക്ക പഠനക്ലാസ് നടത്തുക. 50 പഠിതാക്കൾക്ക് ഒരു ക്ലാസ് എന്ന നിലയിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലാകും ക്ലാസുകൾ നടക്കുക. എട്ടാം ക്ലാസ് ജയിച്ച, 17 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 2000 രൂപയാണ് ഫീസ്. 500 രൂപ രജിസ്ട്രേഷൻ ഫീസുണ്ട്. എട്ടാം ക്ലാസു മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കും അപേക്ഷിക്കാം. പ്രായം പ്രശ്നമല്ല. ഫീസിൽ 500 രൂപയുടെ ഇളവും ലഭിക്കും. ഒരു സ്‌കൂളിൽ 20 കുട്ടികൾ രജിസ്റ്റർ ചെയ്താൽ അതേ സ്‌കൂളിൽ തന്നെ ഒരു ബാച്ച് അനുവദിക്കും.
നിലവിൽ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ ക്ലാസിൽ പഠിക്കുന്നവർക്കും സർട്ടിഫിക്കറ്റ് കോഴ്സിൽ ചേരാം. ഇവർക്കും 500 രൂപ ഫീസിളവുണ്ട്. ഇവർക്ക് ശനിയാഴ്ച മാത്രമാവും ക്ലാസ്. അപേക്ഷ ഫോം, കോഴ്സ് ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ, പ്രോസ്പെക്ടസ് എന്നിവ www.literacymissionkerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഡയറക്ടർ, സംസ്ഥാന സാക്ഷരതാ മിഷൻ, തിരുവനന്തപുരം എന്ന വിലാസത്തിലാൽ ചെലാൻ എടുക്കണം. അപേക്ഷയിൽ പതിക്കുന്ന ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. പൂരിപ്പിച്ച അപേക്ഷയും ചെലാൻ കോപ്പിയും വയസ്, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം 28ന് മുമ്പായി ജില്ലാ സാക്ഷരതാ മിഷനിൽ എത്തിക്കണം. വിശദവിവരത്തിന് പഞ്ചായത്ത്, നഗരസഭകളിലെ സാക്ഷരതാ പ്രേരക്മാരുമായി ബന്ധപ്പെടണം.