vellapally

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കാനുള്ള സി.പി.ഐ തീരുമാനം പ്രായോഗികമല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചേർത്തലയിൽ മന്ത്രി പി. തിലോത്തമനെ മത്സരത്തിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളാപ്പള്ളിയുടെ പരാമർശം.

'സി.പി.ഐയുടെ ശക്തികേന്ദ്രമല്ല ചേർത്തല. അതിനാൽ, ഇത്തരം ഇടങ്ങളിലെ ഇക്വേഷൻ കാണാതെ പോകരുത്. പുറത്തു നിന്നിറക്കുന്നവരെ ഇഷ്ടപ്പെടണമെന്നില്ല. മികച്ച പ്രവർത്തനം നടത്തി ജനകീയ മന്ത്രിയാണ് പി.തിലോത്തമൻ. മണ്ഡലത്തിൽ ജയിച്ചിട്ടുള്ളവർ കൂടുതലും ഈഴവ സമുദായത്തിലുള്ളവരാണ്. വോട്ടു ചെയ്യുന്ന യന്ത്രമായി ജനങ്ങൾ മാറിയിട്ടില്ലെന്നു മനസിലാക്കണം. വിജയസാദ്ധ്യതയുള്ളവരെ വീണ്ടും പരിഗണിക്കുമെന്ന സി.പി.എം തീരുമാനം മാതൃകയാക്കണം. ഒഴിവാക്കേണ്ടവരെ ഒഴിവാക്കണം.

സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണത്തിനുള്ള സാഹചര്യമില്ലെന്ന് പറയാനാവില്ല. എന്നോടു സംസാരിച്ച ചില കോൺഗ്രസുകാരടക്കം ഇങ്ങനെയാണ് സൂചന നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തവിടുപൊടിയാകുമെന്നാണ് ഞാനടക്കമുള്ളവർ കരുതിയത്. പക്ഷേ, അവർ വൻ വിജയം നേടി. സർക്കാരിനെതിരെ എന്തൊക്കെ അഴിമതിയാരോപണങ്ങൾ ഉയർന്നാലും, തങ്ങൾക്ക് എന്ത് കിട്ടിയെന്നതിനെ ആശ്രയിച്ചായിരിക്കും ജനങ്ങൾ വോട്ടുചെയ്യുക. ക്ഷേമപെൻഷനും സൗജന്യ ഭക്ഷ്യധാന്യ വിതരണവുമൊക്കെ ഇടതുസർക്കാരിന് നേട്ടമായി. പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം എൽ.ഡി.എഫിന് തിരിച്ചടിയാവില്ല.

എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട് മുന്നണികളുടെ സ്ഥാനാർത്ഥി നിർണയത്തിനു ശേഷം വ്യക്തമാക്കും. സാമൂഹ്യനീതി പാലിച്ചിട്ടുണ്ടോയെന്നു കൂടി പരിശോധിക്കും. മതേതരത്വം പറയുന്ന മുസ്ലീംലീഗോ, കേരള കോൺഗ്രസോ ജയം ഉറപ്പുള്ള അവരുടെ സീറ്റിൽ ഈഴവരെ സ്ഥാനാർത്ഥിയാക്കാൻ തയ്യാറാകുമോ? അവർ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു.

മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള കളിയാണ് ലീഗ് നടത്തുന്നത്. മാണി സി.കാപ്പന് പാലാ സീറ്റ് വേണമെന്ന് പറഞ്ഞതിൽ തെറ്റില്ല. കഷ്ടപ്പെട്ടാണ് അദ്ദേഹം അവിടെ ജയിച്ചത്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരന് മത്സരിക്കാൻ എന്ത് യോഗ്യതയാണുള്ളത്. തോമസ് ചാണ്ടിയുടെ ബാഗും തൂക്കി നടന്നുവെന്നല്ലാതെ ഒരു യോഗ്യതയുമില്ല. യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ, കാണാനെത്തിയ യു.ഡി.എഫ് നേതാക്കളോട് പറയാനുള്ളത് പറഞ്ഞു. സമത്വമുന്നേറ്റ യാത്രയ്ക്കിടെ എന്നെ വർഗീയ വാദിയെന്ന് ചിത്രീകരിച്ച് കേസെടുക്കാൻ ശ്രമിച്ച യു.ഡി.എഫിന് അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു.കോൺഗ്രസിന്റെ അന്തകനായ വി.എം.സുധീരന്റെ

നിർദേശമനുസരിച്ചാണ് കേസെടുക്കാൻ ശ്രമിച്ചത്. ഞാൻ കുറ്റക്കാരനല്ലെന്ന് കോടതി പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിർദ്ദേശത്തിനു വിധേയമായി കഴിഞ്ഞ ഭരണ കാലത്ത് ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്കു നൽകി. ഭസ്മാസുരന് വരം കിട്ടിയതു പോലെ രമേശ് അത് വിനിയോഗിക്കാൻ ശ്രമിച്ചു.

ബി.ഡി.ജെ.എസിനെ ബി.ജെ.പി വിഴുങ്ങരുത്. അവർക്ക് ബി.ജെ.പി വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും വാക്ക് പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ബി.ജെ.പിയുടെ വായിലെ ചോക്ലേറ്റായി ബി.ഡി.ജെ.എസ് മാറരുതെന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. കൊടുക്കാമെന്ന് പറഞ്ഞത് കൊടുക്കാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള ആരോപണം'- വെള്ളാപ്പള്ളി പറഞ്ഞു.