s

ചേർത്തല: സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 21 മുതൽ 27വരെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ജില്ലാ റൈഫിൾ അസോസിയേഷൻ ഷൂട്ടിംഗ് റേഞ്ചിൽ നടക്കും.14 ജില്ലകളിൽ നിന്നും ജില്ലാതല മത്സരങ്ങളിൽ വിജയിച്ച 700 പുരുഷ,വനിത ഷൂട്ടിംഗ് താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. വിജയിക്കുന്നവർ ദേശീയമത്സരത്തിൽ പങ്കെടുക്കാൻ അർഹതനേടും.
മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി കിരൺമാർഷൽ,വൈസ് പ്രസിഡന്റ് എ.സി. ശാന്തകുമാർ,ഗോപാലനാചാരി, സെന്റ് മൈക്കിൾസ് കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജില്ലാ റൈഫിൾ അസോസിയേഷൻ പ്രസിഡന്റ് കളക്ടർ എ.അലക്‌സാണ്ടർ, വൈസ് പ്രസിഡന്റ് ജില്ലാ പൊലീസ് ചീഫ് ജി. ജയദേവ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. റൈഫിൾ,പിസ്​റ്റൾ എന്നിവയിൽ ഏഴു കാ​റ്റഗറിയിൽ ജൂനിയർ,സീനിയർ,വെ​റ്ററൻ വിഭാഗങ്ങളിലായാണ് മത്സരം. വനിതകൾക്കും പ്രത്യേക ഇനമായി മത്സരമുണ്ട്. 21ന് ഉദ്ഘാടനത്തിന് ശേഷം 22 മുതൽ 27വരെ രാവിലെയും വൈകിട്ടുമായാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മത്സരങ്ങൾ.
20ന് ചാമ്പ്യൻഷിപ്പിന്റെ വിളംബരജാഥ ആലപ്പുഴ നഗരചത്വരത്തിൽനിന്ന് മന്ത്റി ജി.സുധാകരൻ ഫ്ളാഗ് ഒഫ് ചെയ്യും. ജാഥ ഷൂട്ടിംഗ് റേഞ്ചിലെത്തുമ്പോൾ കമാൻഡിംഗ് ഓഫീസർ അനിൽ ജോസഫ് ഉദ്ഘാടനം ചെയ്യും . മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനാകും.