sndp

ആലപ്പുഴ: അധ:സ്ഥിതർക്ക് സാമൂഹ്യനീതി ലഭിക്കണമെങ്കിൽ അധികാരത്തിൽ പങ്കാളിത്തമുണ്ടാവണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ പറഞ്ഞു. യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി സംഘടിപ്പിച്ച 'ഉണരുന്ന യുവത്വം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടിച്ച് ശക്തരായാലേ അവകാശങ്ങൾ നേടാനാവൂ. ശാഖാതലം മുതൽ യോഗം തലം വരെ യൂത്ത്മൂവ്മെന്റും, വനിതാ സംഘവും ശക്തമാകണം. നമ്മുടെ സംഘടനാ ശക്തി വിനിയോഗിച്ചതിനാലാണ് കഴിഞ്ഞ തവണ യു.ഡി.എഫിനെ അധികാരത്തിൽ നിന്ന്

പുറത്താക്കാനായത്. അന്നത്തെ തെറ്റ് തിരുത്താനാണ് അവരിപ്പോൾ മത, സമുദായ നേതാക്കളെ കാണുന്നത്. ശ്രീനാരായണ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകാൻ യോഗ്യതയുള്ള ഈഴവരുണ്ടായിട്ടും ദൈവദശകം അറിയാത്ത മുസ്ലീം സമുദായത്തിൽപ്പെട്ടയാളെയാണ് നിയമിച്ചത്. യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം എസ്.എൻ കോളേജിൽ നടത്തിയില്ല. ഗുരുദേവന്റെ ചിത്രം കാണാൻ കഴിയാത്ത ലോഗോയാണ് ഇവരുണ്ടാക്കിയത്. ഗുരുദേവൻ ഇല്ലാത്ത എന്ത് ശ്രീനാരായണ യൂണിവേഴ്സിറ്റി?. ഇതോടെയാണ് എസ്.എൻ.ഡി.പി യോഗവും കേരളകൗമുദിയും രംഗത്തെത്തിയത്. ഈഴവരെ എല്ലായിടത്തും താഴ്ത്തിക്കെട്ടാൻ രാഷ്ട്രീയപാർട്ടികൾക്ക് ഒരേ സമീപനമാണ് . ഈഴവരെ മാറ്റി നിറുത്തി ആർക്കും ജയിക്കാനാവില്ലെന്ന് ഇത്തരക്കാർ ഓർക്കണം. . ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് ജയിച്ച കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നത് എന്തിനാണെന്ന് ജനങ്ങളോട് പറയണം. സമുദായതാല്പര്യം സംരക്ഷിച്ചുകൊണ്ട് അവകാശപ്പെട്ടത് നേടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പിൽ വിവേകത്തോടെ ചിന്തിച്ച് പ്രവർത്തിക്കാൻ യുവാക്കൾ തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പച്ചയിൽ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നൽകി. യോഗം കൗൺസിലർ പി.ടി.മന്മഥൻ പ്രഭാഷണം നടത്തി.