ഹരിപ്പാട്:കേരള തീരത്ത് മത്സ്യ ബന്ധനം നടത്തുവാൻ ഇ എം.സി.സി. എന്ന അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ (യു ടി യു സി) സംസ്ഥാന പ്രസിഡന്റ് അനിൽ ബി.കളത്തിൽ ആവശ്യപ്പെട്ടു. അയ്യായിരം കോടി രൂപയുടെ കരാറിലാണ് അമേരിക്കൻ പ്രൈവറ്റ് കമ്പനിയായ ഇ .എം.സി.സി യുമായി കേരള ഷിപ്പിംഗ്‌ ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ഏർപ്പെട്ടത്.നാനൂറ് ട്രോളറുകളും അഞ്ച് മദർ ഷിപ്പുകളും ഉപയോഗിച്ച് കേരള തീരത്ത് മത്സ്യ ബന്ധനം നടത്തുവാൻ അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയതിലൂടെ കേരള തീരത്തെ മത്സ്യതൊഴിലാളികളുടെ നിലനിൽപ്പ് അപകടത്തിലാകും. പരമ്പരാഗത മത്സ്യതൊഴിലാളികൾ പട്ടിണിയിലാകും. .സംസ്ഥാന ഫിഷറീസ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും ചേർന്ന് നടത്തിയ ഈ കരാറിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. മത്സ്യതൊഴിലാളികളുടെ തൊഴിലിടം കൈയ്യേറി അമേരിക്കൻ കുത്തക കമ്പനിക്ക് നൽകുവാനുള്ള സംസ്ഥാന സർക്കാർ നിലപാട് പിൻവലിക്കും വരെ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അനിൽ ബി. കളത്തിൽ പറഞ്ഞു.