thushar

ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ യൗവനകാലത്തെ അതിതീഷ്ണമായ ചിന്തകളിൽ നിന്നാണ് നവകേരളം രൂപപ്പെടുന്നതിനുള്ള നവോത്ഥാന വിപ്ലവം പിറവി കൊണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രവർത്തക യോഗത്തിൽ സംഘടനാ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെ പ്രായോഗിക ബുദ്ധിയാണ് അടിമകളിൽ നിന്നു മനുഷ്യരെ ഉടമകളാക്കി മാറ്റിയത്.
കലാപമോ കലഹമോ സൃഷ്ടിക്കാതെ വിപ്ലവകരമായ മാറ്റം മനുഷ്യമനസിൽ സൃഷ്ടിക്കാൻ ഗുരുവിന് കഴിഞ്ഞു. അത്തരം ചിന്തകളുടെ മറ്റൊലിയാണ് കേരള മണ്ണിലെ യുവാക്കളിൽ നിലനിൽക്കുന്നത്. ഇന്നത്തെ പല രാഷ്ട്രീയ, യുവജന സംഘടനകളും സ്വന്തം കാര്യസാദ്ധ്യത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും ഇക്കൂട്ടരെ വേട്ടയാടുന്നു. കാര്യസാദ്ധ്യത്തിന് വേണ്ടി സംഘടനകളെയും നേതാക്കളെയും ഉപയോഗപ്പെടുത്തി ജീവിതമാർഗ്ഗം ഉറപ്പിക്കുന്ന തിരക്കിലാണ് യുവ രാഷ്ട്രീയ നേതാക്കളിൽ പലരും. ഇത്തരം അപമാനകരമായ കാര്യങ്ങളിൽ നിന്നു യുവാക്കൾ പിൻതിരിയണം. സംശുദ്ധ പൊതുസംഘടനാ പ്രവർത്തകരായി യുവാക്കൾ വളരണം. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള നവകേരള ശില്പികളെ വിസ്മരിക്കുന്ന വിധത്തിൽ യുവജന പ്രസ്ഥാനങ്ങൾ പ്രവർത്തിക്കരുത്. ദൈവത്തിന്റെ കൈകളാൽ രൂപം കൊണ്ട എസ്.എൻ.ഡി.പി യോഗത്തെ ഒരു ശക്തിക്കും തകർക്കാൻ കഴിയില്ലെന്നും തുഷാർ വെള്ളപ്പള്ളി പറഞ്ഞു.