
ആലപ്പുഴ: സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തിലായതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോകളികളിൽ നിന്ന് ജീവനക്കാർ കൂട്ടത്തോടെ വിടുതൽ ചെയ്തത് കാരണം സർവീസുകളുടെ എണ്ണം കൂട്ടാനാവാതെ അധികൃതർ. പി.എസ്.സി പരീക്ഷ നടന്ന ഇന്നലെ സർവീസുകൾ കൂട്ടണമെന്ന് ഉത്തരവുണ്ടായിരുന്നിട്ടും പതിവിലും കുറവ് സർവീസുകൾ മാത്രമാണ് പ്രധാന ഡിപ്പോയായ ആലപ്പുഴയിലടക്കം നടത്തിയത്. ഇതോടെ പരീക്ഷാർത്ഥികൾ ബസ് കിട്ടാതെ വലഞ്ഞു.
സാധാരണ ദിനങ്ങളിൽ 64 ഷെഡ്യൂളുകൾ വരെ ഓപ്പറേറ്റ് ചെയ്യുന്ന ആലപ്പുഴ ഡിപ്പോയിൽ ഇന്നലെ നടത്തിയത് 55 ഷെഡ്യൂളുകൾ മാത്രമാണ്. ആലപ്പുഴ ഡിപ്പോയിൽ മാത്രം 140 ഡ്രൈവർമാർക്കും, 38 കണ്ടക്ടർമാർക്കുമാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. ഇതിൽ ഭൂരിഭാഗം പേരും ചാർജ് ഏറ്റെടുക്കുന്നതിന് മുമ്പുള്ള ജോയിനിംഗ് പിരീഡിലാണ്. ഈ കാലയളവിൽ ജീവനക്കാരെ തിരികെ വിളിച്ച് ജോലിക്ക് കയറ്റാൻ സാധിക്കില്ല. ഇത്ര തിടുക്കപ്പെട്ട് ജീവനക്കാരെ വിടുതൽ ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാർ ചാർജ് ഒഴിയും. അടുത്ത ദിവസങ്ങളിൽ വീണ്ടും പി.എസ്.സി പരീക്ഷകൾ നടക്കുന്നുണ്ട്. അതിന് മുമ്പ് ജീവനക്കാരുടെ കുറവ് പരിഹരിച്ച് സർവീസുകൾ ക്രമീകരിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെയും ജീവനക്കാരുടെയും ആവശ്യം.
ജാഥയും ബ്ളോക്കും
ഇന്നലെ രാവിലെ പാതിരപ്പള്ളി എയ്ഞ്ചൽ കിംഗ് ഓഡിറ്റോറിയത്തിൽ നടന്ന വികസന മുന്നേറ്റയാത്രയുടെ സ്വീകരണത്തോടനുബന്ധിച്ചുണ്ടായ ബ്ലോക്കും ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി. മുക്കാൽ മണിക്കൂറോളം ബ്ലോക്കിൽ കിടന്ന ശേഷമാണ് ബസുകൾക്കടക്കം യാത്ര തുടരാനായത്.
ട്രാൻസ്ഫർ നടപടി ആരംഭിച്ചതോടെ ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ട്. അതിനാലാണ് സർവീസുകൾ വെട്ടിക്കുറച്ചത്. സ്ഥലം മാറ്റം ലഭിച്ച ജീവനക്കാർ അതത് ഡിപ്പോകളിൽ എത്തുന്നതോടെ പ്രശ്നപരിഹാരമാകും
- അശോക് കുമാർ, ഡി.ടി.ഒ