ആലപ്പുഴ: ബി.ജെ.പിയുടെ തൊഴിൽ നിഷേധത്തിനെതിരെ യു.ഡി.എഫ് മൗനം പാലിക്കുകയാണെന്ന് സി.പി.ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗവും എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റനുമായ ബിനോയ് വിശ്വം ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രഗത്ഭനായ എൻജിനിയർ ഇ.എം.ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നത് ഞെട്ടിച്ചു. ഇ.ശ്രീധരന് ഇത്രയും വേഗം ഇതുപോലൊരു വിഭ്രാന്തി പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറാകാനില്ലെന്ന് രാവിലെ പറഞ്ഞ ശ്രീധരൻ, വൈകിട്ടായപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്ന് പറയുന്നു.അഴിമതി വിരുദ്ധനായ അദ്ദേഹം ചേക്കേറിയിരിക്കുന്നത് അഴിമതി പാർട്ടിയിലാണ്.അവിടെ നേതാക്കൾ കണ്ടാൽ മിണ്ടില്ല.ശോഭാ സുരേന്ദ്രന്റെ അവസ്ഥ കണ്ടില്ലെ.മോദിയും അമിത്ഷായും ഇടപെട്ടിട്ട് പോലും പരിഹരിക്കാനാകുന്നില്ല. യു.ഡി.എഫ് യാത്ര അവസാനിച്ചപ്പോൾ മാത്രമാണ് ബി.ജെ.പി യാത്ര ആരംഭിച്ചതെന്നും ഇത് അവർ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജാഥാ അംഗങ്ങൾ ആയ എം.വി.ഗോവിന്ദൻ, പി.വസന്തം, വി.സുരേന്ദ്രൻ പിള്ള, മന്ത്രി പി.തിലോത്തമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവരും ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.