
പുതിയ പ്ലാന്റിലൂടെ വർഷം 3.5 കോടി ആംപ്യൂളുകളും
14 ഇനം മരുന്നുകളും അധികമായി ഉത്പാദിപ്പിക്കാം
ആലപ്പുഴ: കെ.എസ്.ഡി.പിയിൽ പുതിയ വിപുലീകരണം വരുന്നതോടെ മരുന്നുകളുടെ ഉത്പാദനത്തിൽ വൻ കുതിപ്പാണ് വരാൻ പോകുന്നത്. വർഷം 3.5 കോടി ആംപ്യൂളുകൾ, 1.30 കോടി വയൽസ്, 1.20 കോടി എൽ.വി.പി മരുന്നുകൾ (ഉയർന്ന അളവിലുള്ള മരുന്ന് ബോട്ടിലുകൾ),88 ലക്ഷം തുള്ളിമരുന്നുകൾ(ഒഫ്താൽമിക്) എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് കെ.എസ്. ഡി.പി കൈവരിക്കുന്നത്. നാളെ പുതിയ നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റ് തുറക്കുന്നതോടെയാണ് ഉത്പാദനം കുത്തനെ ഉയരുന്നതിന് വഴിയൊരുങ്ങുന്നത്.
കുത്തിവയ്പ് മരുന്നുകൾ ഉത്പാദിപ്പിക്കുന്നതിനുള്ള നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റ് തുറക്കുന്നതോടെ മരുന്നുത്പാദനത്തിൽ നിർണായക ചുവടുവയ്പാണ് കെ.എസ്.ഡി.പി നടത്തുന്നതെന്ന് ചെയർമാൻ സി.ബി.ചന്ദ്രബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡ്രിപ്പ് ഇടുന്നതിനായി പാരസെറ്റാമോൾ, ഡെക്‌സ്‌ട്രോസ്, സലൈൻ എന്നിങ്ങനെയുള്ള 14 ഇനം മരുന്നുകളും ഉത്പാദിപ്പിക്കാൻ കഴിയും. ഇൻജക്ഷൻ പ്ലാന്റിനായി ജർമൻ യന്ത്രം കെ.എസ്.ഡി.പിയിലെത്തിക്കുകയായിരുന്നു. പൂർണമായും അണുവിമുക്ത സാങ്കേതിക വിദ്യയാണ് യന്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഐ.എസ്. ഒ ക്ലാസ് 5 നിബന്ധനകൾ പൂർണമായും പാലിച്ച് അതീവ സുരക്ഷ ഉറപ്പാക്കുന്നതും അളവിൽ കൃത്യത ഉറപ്പാകുന്നതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നു. ആട്ടോമാറ്റിക് രീതിയിൽ വൃത്തിയാക്കലും അണുവിമുക്തമാക്കുന്ന പ്രക്രിയകളും ഈ മെഷീനറികളിൽ നടക്കും. ലീക്ക് ഉണ്ടാകാത്ത വിധത്തിലുള്ള കുപ്പികൾ യന്ത്രത്തിൽ തന്നെ നിർമ്മിക്കുന്ന വിധത്തിലുള്ള ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മെഷിനറികളുടെ വിലയും കസ്റ്റംസ് ഡ്യൂട്ടിയും അടക്കം 18 കോടി രൂപയോളം ചെലവ് വന്നു. മണിക്കൂറിൽ ശരാശരി 2000 കുപ്പി മരുന്നുകൾ ഉത്പാദിപ്പിക്കുവാൻ ശേഷിയുള്ള യന്ത്രമാണ് പുതിയ പ്ലാന്റിൽ സ്ഥാപിച്ചിട്ടുള്ളത്.
കാൻസർ ചികിത്സയ്ക്ക് കരുത്തേകാൻ
ഓങ്കോളജി ഫാർമ പാർക്ക്
കാൻസർ ബാധിച്ച സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബഡ് ജറ്റിൽ കെ.എസ്.ഡി.പിയുടെ ചുമതലയിൽ പ്രഖ്യാപിച്ച ഓങ്കോളജി ഫാർമ പാർക്കും യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 150 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിൽ ആദ്യത്തെ 68 കോടി രൂപ ലഭിച്ചുകഴിഞ്ഞു. കെ.എസ്.ഡി.പിയുടെ സമീപത്തുള്ള സഹകരണ വകുപ്പിന്റെ 6.18ഏക്കർ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാൻസർ മരുന്ന് നിർമ്മാണത്തിലെ സുപ്രധാന പങ്ക് വഹിക്കാൻ കെ.എസ്.ഡി.പിക്ക് ഇതോടെ സാധിക്കും. ഇവിടെ സജ്ജമാകുന്ന സംവിധാനം വിനിയോഗിച്ച് മറ്റു സംരംഭകർക്കും സ്ഥാപനങ്ങൾ തുടങ്ങുവാൻ കഴിയും. 24 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.
പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ
300എം.ജി ഡോസേജുള്ള 60 ദശലക്ഷം ടാബ്ലെറ്റ്
350 എം.ജി ഡോസേജുള്ള 45 ദശലക്ഷം ക്യാപ്സൂളുകൾ
5എം.എൽ മുതലുള്ള 0.9 ദശലക്ഷം യൂണിറ്റ് ഇൻജക്ഷൻ മരുന്നുകൾ
14.23 കോടി ലാഭത്തിൽ
കെ. എസ്.ഡി പി
14.23 കോിയുടെ ലാഭമാണ് നടപ്പു സാമ്പത്തിക വർഷം കെ. എസ്. ഡി.പി കൊയ്തത്. 2016ൽ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കെ.എസ്.ഡി.പിയുടെ വിറ്റുവരവ് 27.96 കോടി രൂപയും 5.23 കോടി രൂപയുടെ നഷ്ടത്തിലുമായിരുന്നുവെന്ന് ചെയർമാൻ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി 6ലെ കണക്ക് പ്രകാരം വിറ്റുവരവ് 117.5 കോടിയാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടാണ് കെ.എസ്.ഡി.പിയുടെ വളർച്ചയ്ക്ക് കാരണമെന്ന് ചെയർമാൻ പറഞ്ഞു. 100 ലധികം പേർക്ക് സ്ഥിരം നിയമനം വഴി തൊഴിൽ നൽകാനും സ്ഥാപനത്തിന് കഴിഞ്ഞതായി ചന്ദ്രബാബു പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൻജിനിയറിംഗ് കൺസൾട്ടന്റ് പി.എൽ.മോഹൻദാസ്, പേഴ്‌സണൽ മാനേജർ സി.വിനോദ്കുമാർ, പ്രൊഡക്ഷൻ മാനേജർ ടി.ആർ.സന്തോഷ്, ഫിനാൻസ് മാനേജർ എബിൻ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
.......................
കുത്തിവയ്പ് മരുന്നുകൾ ഉത്പാദിപ്പിക്കുന്നതിനുള്ള നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റ് തുറക്കുന്നതോടെ മരുന്നുത്പാദനത്തിൽ നിർണായക ചുവടുവയ്പ് കെ.എസ്.ഡി.പി നടത്തും.
സി.ബി.ചന്ദ്രബാബു, ചെയർമാൻ
...........................