ആലപ്പുഴ: സ്ഥരിമായി ആൽക്കഹോളടങ്ങിയ സാനിട്ടൈസർ ഉപയോഗിക്കുന്ന ചിലരിൽ ചർമ്മപാളിക്ക് തകരാർ സംഭവിക്കുന്നതായി പരാതി. ചർമ്മത്തിന്റെ മുകളിലെ പാളിയായ എപ്പിഡർമിസിന് സംഭവിക്കുന്ന വ്യത്യാസം മൂലം വിരലടയാളത്തിന്റെ കൃത്യത പോലും താത്ക്കാലികമായി നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി ചർമ്മ വിദഗ്ദ്ധരെ സമീപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. റേഷൻ സംവിധാനം മുതൽ ഹാജർ വരെ ബയോമെട്രിക് സംവിധാനം വഴി പ്രവർത്തിക്കുന്ന കാലത്ത് ചുരുങ്ങിയ കാലയളവിലേക്കെങ്കിലും ചർമ്മ പാളിയിലുണ്ടാകുന്ന മാറ്റം പലർക്കും തലവേദനയാവുകയാണ്. നിരവധിപ്പേർ സ്മാർട്ട് ഫോണിന്റെ ലോക്ക് അഴിക്കുന്നത് പോലും ഫിംഗർ പ്രിന്റ് ഉപയോഗിച്ചാണ്. ആൽക്കഹോൾ അധികം അടങ്ങിയ സാനിട്ടൈസറിന് പകരം സോപ്പ് ഉപയോഗിച്ച് ശുദ്ധീകരണത്തിലേക്ക് മാറിയാൽ വലിയൊരു പരിധി വരെ ചർമ്മ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
 സാനിട്ടൈസർ ഉപയോഗിച്ച ശേഷം മോയ്സ്ചറൈസർ പുരട്ടുക
 ചർമ്മപാളിയിൽ കൂടുതൽ തകരാർ സംഭവിച്ചവർ ഡോക്ടറുടെ സേവനം തേടണം
 സാനിട്ടൈസറിന് പകരം സോപ്പ് ഉപയോഗിക്കുക
സാനിട്ടൈസറിന്റെ ഉപയോഗം വർദ്ധിച്ചതോടെ ചർമ്മ പ്രശ്നം നേരിടുന്നവർ അനേകമാണ്. വിരലടയാളം കൃത്യമായി രേഖപ്പെടുത്താനാവാതെ വിഷമിക്കുന്നവരുണ്ട്. ആൽക്കഹോൾ അംശം അടങ്ങിയ സാനിട്ടൈസറിന്റെ ഉപയോഗം കുറയ്ക്കുകയാണ് പ്രതിവിധി. കൂടുതൽ പ്രശ്നം നേരിടുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം ക്രീമുകൾ ഉപയോഗിക്കുന്നുണ്ട്
- സി.സനൽകുമാർ, റീട്ടെയിൽ ഔഷധ ഫോറം ചെയർമാൻ