ആദ്യകാല ഏജന്റുമാർക്ക് കേരളകൗമുദിയുടെ ആദരം

ആലപ്പുഴ : തത്വാധിഷ്ഠിതമായ നിലപാടാണ് എന്നും കേരളകൗമുദി സ്വീകരിക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. അവസരവാദപരവും പുരോഗമന വിരുദ്ധവുമായ നിലപാടുകൾ കേരളകൗമുദി ഒരിക്കലും സ്വീകരിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളകൗമുദിയ്ക്ക് 110 വയസു തികയുന്ന വേളയിൽ, കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കേരളകൗമുദി ഏജന്റുമാരായി പ്രവർത്തിച്ചവരെ ആദരിക്കുന്ന ചടങ്ങ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ,വിദ്യാഭ്യാസ, വികസന മേഖലകളിലെ സൂര്യവെളിച്ചമാണ് കേരളകൗമുദിയുടെ സേവനം. എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരം നൽകിയത് കേരളകൗമുദിയാണെന്നും ജി.സുധാകരൻ പറഞ്ഞു.

എല്ലാ ദിവസവും വായനക്ക് കൃത്യമായ വേദി ഒരുക്കുന്നതിൽ നിർണ്ണായകമായ പങ്കാണ് പത്രം ഏജന്റുമാർ വഹിക്കുന്നതെന്ന് ഏജന്റുമാരെ ആദരിച്ച ആലപ്പുഴ സബ് ജഡ്ജും ജില്ലാ ലീഗൽ സവീസസ് അതോറിട്ടി സെക്രട്ടറിയുമായ കെ.ജി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഏജന്റുമാരായ അർജ്ജുനൻ ചെട്ടിയാർ, എൻ.സദാശിവൻ ,കെ.സി.സദാനന്ദൻ, കെ.എൻ.തങ്കപ്പൻ, സി.കെ.രാജൻ , പി.കെ.പുഷ്പാധരൻ, കെ.വിശ്വനാഥൻ നായർ , എൽജിൻ റിച്ചാർഡ് എന്നിവരെ സബ് ജഡ്ജ് പൊന്നാടയണിയിച്ച് ആദരിച്ചു. മെമന്റോയും കേരളകൗമുദിയുടെ ഉപഹാരവും അദ്ദേഹം നൽകി.

കേരളകൗമുദി ആലപ്പുഴ യുണിറ്റിൽ നടന്ന ചടങ്ങിൽ യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് മുഖ്യാതിഥിയായി. കേരളകൗമുദി ഡെസ്ക്ക് ചീഫ് എം.പി.സുനിൽ, പ്രൊഡക്ഷൻ ചീഫ് ആർ.നാരായണൻ നായർ എന്നിവർ സംസാരിച്ചു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് സർക്കുലേഷൻ മാനേജർ സി.രതീഷ് സ്വാഗതവും സർക്കുലേഷൻ മാനേജർ രമേഷ് പണിക്കർ നന്ദിയും പറഞ്ഞു.