ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിന് വെർച്വലായി സംഘടിപ്പിച്ച കയർകേരള 2021 ഇന്ന് ഇന്ന് സമാപിക്കും. ആദ്യമായി സംഘടിപ്പിച്ച വെർച്ച്വൽ മേളയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്റർ വേദിയാക്കി സംഘടിപ്പിച്ച മേളയ്ക്ക് മികവുറ്റ സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ളവർ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തും ലിങ്കുപയോഗിച്ചും ഓൺലൈനിലൂടെ മേളയിൽ ഭാഗഭാക്കായി. കഴിഞ്ഞ 16 മുതൽ നടന്നുവരുന്ന മേളയിൽ നിശ്ചിത എണ്ണം ആളുകൾക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിരുന്നു. നാൽപ്പതോളം കേന്ദ്രങ്ങളിൽ വീഡിയോ വാളിലൂടെയും മറ്റും പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു. 240 എക്സിബിഷൻ സ്റ്റാളുകൾ വെർച്ച്വലായി സജ്ജമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പ്രമുഖരും ശാസ്ത്രജ്ഞരും ഗവേഷകരും വ്യവസായരംഗത്തെ പ്രമുഖരും തത്സമയം നിശ്ചിത പരിപാടികളിൽ പങ്കെടുത്തു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കയർ മുഴുവൻ സർക്കാർ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മേളയുടെ ആവേശം ഇരട്ടിയാക്കി. മേള വൻ വിജയമായതിൽ ചാരിതാർഥ്യമുണ്ടെന്നും ഇതിനുവേണ്ടി യത്‌നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും സംഘാടക സമിതിയുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും സമിതി അദ്ധ്യക്ഷനും കയർ കോർപ്പറേഷൻ ചെയർമാനുമായ ടി.കെ.ദേവകുമാർ പറഞ്ഞു.
സമാപനദിവസമായ ഇന്ന് 'തൊഴിലുറപ്പ് പദ്ധതി: മണ്ണുജലസംരക്ഷണത്തിന് കയർ ഭൂവസ്ത്രം" എന്ന വിഷയത്തിൽ സെമിനാർ, ധാരണാപത്ര കൈമാറ്റം എന്നിവ നടക്കും. ആദ്യ സെഷൻ രാവിലെ 10ന് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. 11നു വീഡിയോ ഡോക്യൂമെന്ററി സെഷൻ. തുടർന്ന് അനുഭവം പങ്കുവയ്ക്കൽ സെഷനിൽ 15 കേന്ദ്രങ്ങളിൽ നിന്നുള്ളവർ തത്സമയം പങ്കുചേരും. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ പാനൽ ചെയർമാനാകും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക് 'കയർ കേരള 2021' അവലോകനം ചെയ്യും. മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 6.30ന് ആര്യ ദയാലും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് ഷോ നടക്കും.