
ആലപ്പുഴ: കൊച്ചി ബിനാലെ ഫൗണ്ടേഷൻ, മുസിരിസ് പൈതൃക പദ്ധതി, കയർബോർഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസം വകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി, കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിട്ടെക്ട്‌സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 90 ദിവസത്തെ അന്താരാഷ്ട്ര ബിനാലെ മാർച്ച് 10 മുതൽ ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലും കൊച്ചിയിലുമായി സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ബിനാലെയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ പട്ടണത്തെ പൈതൃക നഗരം എന്ന നിലയിൽ ബ്രാൻഡ് ചെയ്യുകയും അതുവഴി സാംസ്‌കാരികം,കല, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉണർവ് സൃഷ്ടിക്കുകയുമാണ് ബിനാലെയുടെ ലക്ഷ്യം.