
ആലപ്പുഴ: വേനൽ ചൂട് കടുക്കുകയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറയുകയും ഇന്ധനവില കുതിക്കുകയും ചെയ്തതോടെ അടുക്കള ബഡ്ജറ്റ് അലങ്കോലമായി. മീൻ ലഭ്യതയിലെ കുറവിനെത്തുടർന്ന് പതിയെ പച്ചക്കറി ശീലമാക്കാൻ തുടങ്ങിയവർക്ക് തിരിച്ചടിയായിരിക്കുകയാണ് വിലക്കയറ്റം.
ഹാർബറുകൾ നിശ്ചലമായതോടെയാണ് മീൻ ലഭ്യത ഇടിഞ്ഞത്. അതിർത്തിയിലെ നിയന്ത്രണങ്ങളുടെ പേരിൽ പച്ചക്കറിക്ക് വ്യാപാരികൾ തോന്നിയ പോലെയാണ് വില ഈടാക്കുന്നത്. ഇന്ധന വില വർദ്ധന മൂലം അരി, പയർ വർഗങ്ങൾ, മുളക് ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില അഞ്ചു മുതൽ 20 രൂപ വരെ കൂടിയിട്ടുണ്ട്. പുറമേ പാചക വാതക സിലിണ്ടറിന്റെ വില വർദ്ധനവും തിരിച്ചടിയായി.
ചെറു ഉള്ളിയുടെയും സവാളയുടെയും വില കിലോഗ്രാമിന് 25 വരെ ഉയർന്നിട്ടുണ്ട്. കിലോയ്ക്ക് 150 രൂപയിലേറെയാണ് ചെറിയ ഉളളിയുടെ വില. മുരിങ്ങക്കയ്ക്കും വില ഉയർന്നു.
തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലുമൊക്കെ ഉണ്ടായ കാലാവസ്ഥ വ്യതിയാനവും അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർദ്ധനവും വിലകൂടാൻ കാരണമായി. എല്ലാ പച്ചക്കറി ഇനങ്ങൾക്കും 10 മുതൽ 40 രൂപ വരെയാണ് വില കൂടിയത്. കഴിഞ്ഞ മാസം അഞ്ച് കിലോ സവാള നൂറ് രൂപയ്ക്ക് ലഭിച്ചിരുന്നു. നിലവിൽ കിലോയ്ക്ക് 60 രൂപയുണ്ട്. തക്കാളി, ബീൻസ്, കാരറ്റ്, പച്ചമുളക് എന്നിവയ്ക്കും വില ഉയർന്നു. സംസ്ഥാനത്ത് കൂടുതലായി കൃഷി ചെയ്യുന്ന പയർ, മത്തൻ, ചേന, ചേമ്പ് ഇനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ വിലയും കൂടി. വിപണിയിൽ ആശ്വാസമേകാൻ സപ്ളൈകോ, ഹോർട്ടികോർപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
# നിലവിലെ വിലയും കഴിഞ്ഞ മാസത്തെ വിലയും
പയർ: 50-35
അമര: 40-30
കാരറ്റ്: 35-30
ബീറ്റ് റൂട്ട്: 40-34
ബീൻസ്: 60-40
വഴുതന: 50-37
കോളിഫ്ളവർ: 50-40
മുളക്: 60-45
കാബേജ്: 40-38
മുരിങ്ങയ്ക്ക: 160-120
തക്കാളി: 40-33
വെണ്ട: 40-37
വെള്ളരി: 40-32
തടിയൻ: 30-25
സവാള: 50-25
കിഴങ്ങ്: 30-25
ചുവന്നുള്ളി: 120
ഇഞ്ചി: 40-40
മത്തൻ: 30-24
............................................
വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതെ അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കിയാൽ കർശനനടപടി സ്വീകരിക്കും. 1955ലെ അവശ്യവസ്തു നിയമ പ്രകാരവും 1980ലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് നിയമ പ്രകാരവും ശിക്ഷാനടപടികൾ ഉണ്ടാവും. പച്ചക്കറിക്കടകളിൽ ഉൾപ്പെടെ പരിശോധന തുടരും
സിവിൽ സപ്ളൈസ് വകുപ്പ് അധികാരികൾ