
ആലപ്പുഴ: ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപക നിയമനം സംബന്ധിച്ച് ഇരുവിഭാഗം അദ്ധ്യാപകർ തമ്മിലുള്ള ശീതയുദ്ധം കോടതി കയറിയതോടെ ഒഴിഞ്ഞു കിടക്കുന്നത് 110 കസേരകൾ. വകുപ്പുതല പരീക്ഷ വിജയിച്ചവരും 50 വയസ് പിന്നിട്ട സീനിയർ അദ്ധ്യാപകരും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണമായത്.
2020ൽ 65ഉം 2021ൽ 45ഉം പ്രഥമാദ്ധ്യാപകരാണ് വിരമിച്ചത്. ഒഴിവുള്ള തസ്തികകളിൽ അതത് സ്കൂളുകളിലെ സീനിയർ അദ്ധ്യാപകർക്ക് താത്കാലിക ചുമതല നൽകിയാണ് ഔദ്യോഗിക കാര്യങ്ങൾ നടത്തുന്നത്. പ്രൈമറി സ്കൂളുകളിൽ മാത്രമാണ് പ്രതിസന്ധി. എച്ച്.എം ആയി സ്ഥാനം ലഭിച്ച ശേഷം ടെസ്റ്റ് എഴുതി എടുക്കാമെന്നും 50 വയസ് പിന്നിട്ട തങ്ങൾക്ക് പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകണമെന്നുമാവശ്യപ്പെട്ട് ഒരു വിഭാഗം അദ്ധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അംഗീകൃത ടെസ്റ്റ് പാസായവർക്ക് മാത്രം നിയമനം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് നിയമനം വൈകുന്നത്.
പ്രഥമാദ്ധ്യാപകരുടെ ഒഴിവ് നികത്താത്തതുമൂലം വിഷമത അനുഭവിക്കുന്ന വിഭാഗമാണ് എൽ.പി, യു.പി അദ്ധ്യാപക റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ. പ്രഥമാദ്ധ്യാപകരില്ലാത്തതിനാൽ അദ്ധ്യാപക ഒഴിവുകളിൽ ഭൂരിഭാഗവും പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടാതെ ഡി.ഡി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ വർഷം ഡിസംബറിൽ അവസാനിക്കും. പ്രായപരിധി പിന്നിടുന്നതിനാൽ ഇനിയൊരു അവസരം ലഭിക്കാത്ത നിരവധി പേരാണ് ലിസ്റ്റിലുള്ളത്.
 ജോലിഭാരം
പ്രഥമാദ്ധ്യാപകരില്ലാത്ത സ്കൂളുകളിൽ മുതിർന്ന അദ്ധ്യാപകനോ അദ്ധ്യാപികയ്ക്കോ ആണ് ചുമതല നൽകുന്നത്. സർവീസിൽ കയറിയ പുതുമുഖങ്ങൾക്ക് പോലും സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ചുമതല ഏറ്റെടുക്കേണ്ടി വരുന്നുണ്ട്. പ്രഥമാദ്ധ്യാപകൻ ചെയ്യേണ്ട എല്ലാ ഔദ്യോഗിക ഉത്തരവാദിത്വങ്ങളും നിറവേറ്റേണ്ടതുണ്ട്. ഇതിന് പുറമേ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഓൺലൈൻ പഠന ക്രമീകരണമുൾപ്പടെയുള്ള ഉത്തരവാദിത്വങ്ങളും നിറവേറ്റണം.
....................................
110: ജില്ലയിൽ രണ്ട് വർഷത്തിനിടെ വിരമിച്ച പ്രഥമാദ്ധ്യാപകരുടെ എണ്ണം
...........................
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ വിശ്വാസമർപ്പിച്ച ലക്ഷക്കണക്കിന് കുട്ടികളാണ് അൺ എയ്ഡഡ് മേഖലയിൽ നിന്നുൾപ്പടെ എത്തുന്നത്. എന്നാൽ എങ്ങുമെത്താതെ നീളുന്ന പ്രഥമാദ്ധ്യാപക നിയമനവും നികത്തപ്പെടാത്ത അദ്ധ്യാപക ഒഴിവുകളും രക്ഷിതാക്കളിൽ ഉൾപ്പടെ വലിയ സമ്മർദ്ദമുയർത്തുന്നു
അദ്ധ്യാപകർ