 
ആലപ്പുഴ: നഗര മദ്ധ്യത്തിൽ ഒരു കടത്തു ചങ്ങാടം. ആലപ്പുഴ നഗരത്തിലാണ് ഇപ്പോഴും ജലാശയം കടക്കാൻ ചങ്ങാടത്തെ ആശ്രയിക്കുന്നത്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നും. എന്നാൽ സത്യമാണ്. തിരുമല, പള്ളാത്തുരുത്തി വാർഡുകൾ ഉൾപ്പെടുന്ന ചിറക്കോട് പ്രദേശവാസികൾ ചങ്ങാടത്തിലാണ് ഇരു കരകളും താണ്ടുന്നത്.
വളരെ ചെറിയ ദൂരം മാത്രം സഞ്ചരിച്ചാൽ മതിയെന്നതുകൊണ്ടാണ് ഇവർ ചങ്ങാടത്തിൽ കയറുന്നത്. എന്നാൽ നല്ല ചങ്ങാടമായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു. കലപ്പഴക്കം കൊണ്ട് ദ്രവിച്ചതാണ് ചങ്ങാടം. യാത്രയ്ക്കിടെ ചങ്ങാടത്തിൽ വെള്ളം കയറുന്നതും കയർ പൊട്ടുന്നതും പതിവു സംഭവമാണെന്ന് യാത്രക്കാർ പറയുന്നു.
മാസങ്ങൾക്ക് മുമ്പ് കയർപൊട്ടി ചങ്ങാടത്തിൽ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപെടുത്താൻ ശ്രമിച്ച നാട്ടുകാരിലൊരാൾ മുങ്ങി മരിച്ചിരുന്നു.
പരിഹാരം ചിറക്കോട് പാലം
ഈ അവസ്ഥയ്ക്ക് പരിഹാരമെന്ന നിലയിലാണ് നാട്ടുകാർ ചിറക്കോട് പാലം വേണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. തിരുമല - പള്ളാത്തുരുത്തി വാർഡുകളെ ബന്ധിപ്പിക്കുന്ന ചിറക്കോട് പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപകടമരണം ഉണ്ടായതോടെ പാലം വേണമെന്ന മുറവിളി ഉയർന്നെങ്കിലും ഫലമുണ്ടായില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് പേർക്ക് ആശ്വാസമാകുന്ന പാലത്തിന് വേണ്ടി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. ഒരിക്കൽ നഗരസഭയുടെ അംഗീകാരം ലഭിച്ച പദ്ധതി പിന്നീട് ചുവപ്പ് നാടയിൽ കുരുങ്ങുകയായിരുന്നു.
പാലം വന്നാൽ യാത്രാ ദുരിതത്തിന് പരിഹാരമാകും. ദ്രവിച്ച ചങ്ങാടത്തിൽ കയറാനിപ്പോൾ പേടിയാണ്. കിലോമീറ്ററുകൾ ലാഭിക്കാൻ ഒരു പാലം ഇവിടെ അത്യാവശ്യമാണ്.
പ്രദേശവാസികൾ
പടം- ചിറക്കോട് ചങ്ങാടത്തിൽ സുരക്ഷിതമല്ലാതെ സഞ്ചരിക്കുന്നയാൾ