t

ആലപ്പുഴ: കൊവിഡിൽ തകർന്ന വിനോദ സഞ്ചാരം മൺസൂൺ ടൂറിസത്തിലൂടെ തിരികെപ്പിടിക്കാൻ ആഞ്ഞുപരിശ്രമിക്കുകയാണ് ടൂറിസം വകുപ്പ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ക്യാപ്സ്യൂൾ വീഡിയോകൾ തയ്യാറാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി 85 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മൺസൂൺ ടൂറിസം സീസണായ ജൂൺ- ജൂലായ് മാസങ്ങളിൽ, യാത്രാവിലക്കുകളിൽ ഇളവുണ്ടായി കൂടുതൽ സഞ്ചാരികൾക്ക് നാട്ടിലെത്താൻ വഴിയൊരുങ്ങുമെന്നാണ് കണക്കുകൂട്ടുന്നത്. അന്യ രാജ്യങ്ങളെക്കാളുപരി, വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൺസൂൺ ആസ്വദിക്കാൻ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുമ്പ് മഴക്കാലത്തെ പൊതുവേ ഓഫ് സീസണായാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ 2016ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട മഴക്കാല കായൽ യാത്ര ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ ആലപ്പുഴയിലടക്കം എത്തിത്തുടങ്ങിയതായി അധികൃതർ പറയുന്നു. 2018ലും 2019ലും തുടർച്ചയായുണ്ടായ പ്രളയങ്ങൾ മൺസൂൺ ടൂറിസത്തെ ദോഷകരമായി ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം ലോക്ക് ഡൗണും വഴി മുടക്കി. ഇതോടെ സഞ്ചാരികൾക്കിടയിൽ സോഷ്യൽ മീ‌‌ഡിയ വഴി മൺസൂൺ ടൂറിസത്തിന്റെ പ്രത്യേകതകൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് ആരംഭിക്കുന്നത്.

..............................

 30 വീഡിയോകൾ

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തെ കുറിച്ച് രാജ്യമെമ്പാടും അറിയിക്കാൻ കാപ്സ്യൂൾ വീഡിയോകൾ തയ്യാറാക്കും. പരമാവധി മൂന്ന് മിനിട്ട് ദൈർഘ്യമുള്ള 30 വീഡിയോകളുണ്ടാവും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വീഡിയോ തയ്യാറാക്കുന്നതിന് രണ്ട് കോടിയിലധികം രൂപ ചെലവാകും. ഉത്തരവാദിത്ത ടൂറിസത്തിന്റെ എല്ലാ തലങ്ങളും വിശദമാക്കുന്ന വീഡിയോകളാവുമിത്.

...........................

രാജ്യത്തെ ജി.ഡി.പി വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യവസായമാണ് ടൂറിസം. ലക്ഷക്കണക്കിന് പേർ പ്രത്യക്ഷമായും പരോക്ഷമായും മേഖലയിൽ നിന്ന് ഉപജീവനം തേടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷം മാന്ദ്യത്തിൽ നിന്ന് കരകയറാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. മൺസൂൺ ടൂറിസത്തിൽ ആകൃഷ്ടരായി ധാരാളം സഞ്ചാരികളെത്തുമെന്നാണ് കണക്കുകൂട്ടൽ

വിനോദസഞ്ചാര വകുപ്പ് അധികൃതർ