കായംകുളം: ആഴക്കടൽ മത്സ്യബന്ധനത്തിന് എൽ.ഡി.എഫ് സർക്കാർ വിദേശകുത്തക കമ്പനിക്ക് അനുമതി നൽകിയെന്ന് സാധാരണ ജനത്തെ തെറ്റിധരിപ്പിച്ച് തീരദേശ ഹർത്താൽ ഉൾപ്പെടെയുള്ള സമരത്തിനാണ് കോൺഗ്രസും യു.ഡി.എഫും ശ്രമിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റനുമായ ബിനോയ് വിശ്വം പറഞ്ഞു. കായംകുളത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഴക്കടലിൽ മത്സ്യബന്ധനത്തിന് കുത്തക മുതലാളിമാർക്ക് അനുമതിനൽകിയത് യൂ ഡി.എഫ് ഭരണകാലത്താണ് .എന്നാൽ ഇത് മറച്ചുപിടിച്ച് എൽ.ഡി.എഫിന് തുടർഭരണ സാദ്ധ്യത ഉണ്ടെന്ന് മനസിലാക്കിയ യു.ഡി.എഫും ബി .ജെ പിയും ഇടതു സർക്കാരിനെ സമൂഹ മനസാക്ഷിയുടെ മുന്നിൽ താറടിച്ചു കാണിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.
ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ എൽ.ഡി.എഫ് സർക്കാർ കുത്തക മുതലാളിമാർക്ക് യാതൊരു കാരണവശാലും അനുവാദം നൽകില്ലെന്നും നേരായ രാഷ്ടീയ പാതയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സർക്കാരുമെന്നും അദ്ദേഹം പറഞ്ഞു.