ചേർത്തല:തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പദ്ധതികളുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ രംഗത്ത്. അഞ്ചുവർഷത്തിനുള്ളിൽ നായകളുടെ എണ്ണം കുറയ്ക്കാൻ ശാസ്ത്രീയ മാർഗങ്ങളാണ് സംഘടന ആവിഷ്കരിക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലുന്നത് കുറ്റകരമാണെന്നതിനാൽ വന്ധ്യംകരണത്തിന് പ്രാധാന്യം നൽകുന്നതാണ് പദ്ധതികൾ.
മൃഗസംരക്ഷണ വകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും മൃഗസ്‌നേഹി സംഘടനകളുടെയും കൂട്ടായ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ഡോ. പ്രേംകുമാർ, ഡോ.സംഗീത് നാരായണൻ, ഡോ.ജോർജ്ജ് വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിലവിൽ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് നടപ്പാക്കുന്ന എ.ബി.സി പ്രവർത്തനങ്ങൾക്കൊപ്പമാണ് പുതിയ പദ്ധതികൾ. എ.ബി.സി പ്രകാരം 6000 നായ്ക്കളെ ജില്ലയിലാകെ വന്ധ്യംകരിച്ചു. വന്ധ്യംകരണദിനമായ 23ന് കൂട്ടായ ചർച്ചയൊരുക്കിയാണ് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ രാവിലെ 10ന് നടക്കുന്ന ചർച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷയാകും.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തും.