
ചാരുംമൂട്: വീട്ടിലെ കോഴിക്കൂടിനു സമീപം കെട്ടിയിരുന്ന പ്ലാസ്റ്റിക് വലയിൽ മൂർഖൻ കുടുങ്ങി. ലൈസൻസുള്ള പാമ്പ് പിടിത്തക്കാരനായ ചെങ്ങന്നൂർ സ്വദേശി സാം ജോൺ എത്തി വലമുറിച്ച് പാമ്പിനെ രക്ഷപ്പെടുത്തി പ്ലാസ്റ്റിക് ടിന്നിലാക്കി റാന്നിയിലെത്തിച്ച് വനപാലകർക്ക് കൈമാറി.
താമരക്കുളം ചത്തിയറ ചന്ദ്രകാന്തത്തിൽ സജികുമാറിന്റെ വീട്ടിൽ കോഴിക്കൂടിന് സമീപം കെട്ടിയിട്ടിരുന്ന വലയിലാണ് ഒന്നര മീറ്ററോളം നീളമുള്ള മൂർഖൻ കുടുങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കോഴികളെ തുറന്നു വിടുമ്പോൾ വീട്ടുമുറ്റത്തേക്ക് കടക്കാതിരിക്കാനാണ് വല കെട്ടിയിരുന്നത്. സജിയുടെ ഭാര്യ അദ്ധ്യാപികയായ ലക്ഷ്മി കോഴികൾക്ക് തീറ്റയുമായി ഷെഡ്ഡിലേക്ക് കടക്കാൻ വല പൊക്കുമ്പോൾ അമിത ഭാരം തോന്നി. തുടർന്ന് നോക്കിയപ്പോഴാണ് വലയിൽ പാമ്പ് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഭയന്ന ലക്ഷ്മി ഭർത്താവിനെയും കൂട്ടി വന്ന് പാമ്പിനെ ഓടിച്ചു വിടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ ജി. വേണു റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരം അറിയിച്ചു.
11 മണിയോടെ ഫോറസ്റ്റ് ഡിവിഷന്റെ നിർദ്ദേശപ്രകാരമാണ് സാം ജോൺ എത്തിയത്. വലയിൽ കുടുങ്ങിയ പാമ്പിനെ പിടിക്കുന്നത് കാണാൻ ധാരാളം പേർ എത്തിയിരുന്നു.