വള്ളികുന്നം: വള്ളികുന്നത്ത് ഒരു വർഷമായി അടച്ചിട്ടിരുന്ന വീടു കുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ അപഹരിച്ചു. 5 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കുടുംബമായി പൂനയിൽ താമസിക്കുന്ന വളളികുന്നം ഭഗവതി വിളയിൽ പവിത്രന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു വർഷമായി ഇവർ പൂനയിലാണ്. ബന്ധക്കുളെ ഏൽപ്പിച്ചിട്ടു പോയ വീട് കഴിഞ്ഞ ഒരു മാസത്തോളം തുറന്നിട്ടില്ല. ഇരുനില വീടിന്റെ മുറികളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും 2 ടെലിവിഷനുകളും ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസ് അടുപ്പും കവർന്നു. മുൻവാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. വീടിന്റെ പിൻവാതിലും കുത്തിത്തുറന്ന നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ബന്ധുക്കൾ വിവരം അറിയുന്നത്. വള്ളികുന്നം പൊലീസ് അന്വേഷണം ഊർജിതമാക്കി.