മാവേലിക്കര: കോഴിയുമായി വന്ന ലോറി ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പല്ലാരിമംഗലം സ്വദേശികളായ ആദ്ര (17), അഭിനവ് (16), ആരോമൽ (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.45ന് പല്ലാരിമംഗലം ഗുരുമന്ദിരം ജംഗ്ഷന് സമീപമായിരുന്നു അപകടം.

രണ്ടാംകുറ്റിയിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. വാഹനത്തെ മറികടന്നു വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി മുന്നിൽ പോകുകയായിരുന്ന ആദ്രയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ഇടത് വശത്തേക്ക് മറിഞ്ഞ് വീണതിനാൽ ദുരന്തം ഒഴിവായി. ആദ്രയുടെ പിന്നാലെ വരികയായിരുന്ന അഭിനവും ആരോമലും മറിഞ്ഞുവീണ ആദ്ര യുടെ സൈക്കിളിൽ ഇടിച്ച് മറിഞ്ഞുവീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ആദ്രയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ അഭിനവും നടുവിന് പരിക്കേറ്റ ആരോമലും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കായംകുളം ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദ്ര. അഭിനവ് മാവേലിക്കര ബോയ്സ് സ്കൂളിലും ആരോമൽ ബി.എച്ച് സ്കൂളിലും പ്ലസ് വണ്ണിന് പഠിക്കുകയാണ്. അപകടത്തിൽ പെട്ട ലോറി മാവേലിക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു.