nelson

കുട്ടനാട്: കൈനടി തരിശിൽ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ, സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മുങ്ങി മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി ഞാറപ്പുറംജേക്കബ്‌തോമസിന്റെ മകൻ നെൽസൺ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് ആയിരുന്നു സംഭവം. കൈനടി-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന നെടുവോപ്പിൽ ബസിന്റെ ഡ്രൈവറായ നെൽസൺ സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ വൈകിട്ട് നാലോടെ കുളിക്കാനിറങ്ങിയതായിരുന്നു. ദൂരേക്ക് നീന്തിയ നെൽസൺ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരും കൈനടിപോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചങ്ങനാശേരിയിൽ നിന്നു ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡി. ആശുപത്രിയിലേക്ക് മാറ്റി.