ആലപ്പുഴ: സി.കെ.രാ ഫൗണ്ടേഷനും ഗാന്ധിദർശൻ വേദിയും സംയുക്തമായി നടത്തുന്ന ചിത്രപ്രദർശനം
കായംകുളം ലളിതകല അക്കാദമി ഹാളിൽ ഇന്നു മുതൽ 27 വരെ നടക്കും. ഇന്നു വൈകിട്ട് 3ന് ഗാന്ധിദർശൻ വേദി ചെയർമാൻ ശ്രീകുമാർ പിള്ള പ്രദർശനം ഉദ്ഘാടനം ചെയ്യും
ചിത്രകാരൻ സി.കെ.രായുടെ (സി.കെ.രാമകൃഷ്ണൻ നായർ) നൂറാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി മദ്ധ്യതിരുവിതാംകൂറിലെ ഒരു സംഘം ചിത്രകാരൻമാരും ചിത്രകാരികളും പങ്കെടുത്ത ക്യാമ്പിൽ രചിക്കപ്പെട്ട 40 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. തിരുവല്ലയിലുള്ള സി.കെ.രായുടെ അതിപുരാതനമായ തറവാട്ടു മുറ്റത്തായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ 73-ാമത് രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പിൽ വരയ്ക്കാനുള്ള വിഷയം തിരഞ്ഞെടുത്തത്. മഹാത്മജിയുടെ സന്ദേശവും ജീവിതവും ചാർക്കോളിൽ ചിത്രീകരിക്കുന്ന അപൂർവ്വത കൂടി ഈ പ്രദർശനത്തിനുണ്ട്. ചിത്രകാരനും പത്രപ്രവർത്തകനുമായ സി.കെ.വിശ്വനാഥനാണ് പ്രദർശനത്തിന്റെ ക്യുറേറ്റർ.
ചിത്രകാരൻമാരായ പ്രൊഫ. ഉണ്ണിക്കൃഷ്ണൻ, ഗ്രേസി ഫിലിപ്പ്, സി.പി.പ്രസന്നൻ, ഭദ്രൻ കാർത്തിക, പ്രണവം ശ്രീകുമാർ, സേനൻ, ജിനീഷ് പീലി, മനു ഓയാസിസ്, സേതു വർമ്മ ഷമീർ ഹരിപ്പാട്, ചിത്ര, മോഹനൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.