s

പുതിയ കെട്ടിടത്തിലെ പ്രവർത്തനം ആറു മാസത്തിനുള്ളിൽ

ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവർത്തിക്കുന്ന ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആറുമാസത്തിനുള്ളിൽ, ആശുപത്രി അങ്കണത്തിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പ്രവർത്തനം കൂടുതൽ വിപുലമാകും. പ്രതിദിന സാമ്പിൾ പരിശോധന 1200ൽ നിന്ന് 3000ലേക്ക് എത്തിക്കാനാവും.

നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കന്ന ജോലികൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ബയോ സേഫ്റ്റി ലെവൽ മൂന്ന് (ബി.എസ്.എൽ 3) നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ അണു നശീകരണ സംവിധാനത്തോടെയുള്ള ശീതീകരണ മുറികളാണ് നിർമ്മിക്കേണ്ടത്. ഇതിന് പുറമേ ഫയർ, ഇലക്ട്രക്കൽ സംവിധാനങ്ങളും കാമറകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തീകരിക്കണം. ഏറ്റവും വേഗം വിവിധ പരിശോധനകളുടെ ഫലങ്ങൾ ലഭ്യമാക്കാൻ പ്രാപ്തമായതും വൈറസ് രോഗങ്ങളെക്കുറിച്ച് കുറ്റമറ്റതും ആഴത്തിലുള്ളതും നിരന്തരവുമായ ഗവേഷണത്തിനു സാദ്ധ്യമാകുന്നതുമായ ഇൻസ്റ്റിറ്റ്യൂട്ട് മെഡി. ആശുപത്രി അങ്കണത്തിലാണ് ഒരുക്കുന്നത്. ആശുപത്രിക്കു സമീപത്തെ അഞ്ചേക്കറിൽ 2016 ജൂൺ 15നാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷനാണ് നിർമ്മാണ ചുമതല.

2017 സെപ്തംബറിൽ പണി പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും നടന്നില്ല. പകർച്ചവ്യാധി ഭീഷണി എല്ലാക്കാലവുമുള്ള ജില്ലയിൽ 2006ലെ വി.എസ് സർക്കാരിന്റെ കാലത്ത് മന്ത്രി ജി.സുധാകരന്റെ അഭ്യർത്ഥനയെ തുടർന്ന് ആരോഗ്യ വകുപ്പു മന്ത്രി പി.കെ. ശ്രീമതിയാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം മന്നോട്ടു വച്ചത്. നിലവിൽ അടിസ്ഥാനസൗകര്യം ഒരുക്കാൻ എ.എം. ആരിഫ് എം.പിയുടെ സഹായത്താൽ 10 കോടി ലഭ്യമായതോടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയത്. 34.25 കോടി രൂപ കേന്ദ്ര ഗ്രാന്റുമുണ്ട്. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ ദേശീയ നിലവാരത്തിലുള്ള പരിശോധനാകേന്ദ്രമാണ് ആലപ്പുഴയിലും ലക്ഷ്യമിട്ടിട്ടുള്ളത്.

മൂന്ന് നില സൗകര്യം

മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിംഗ്, തൊട്ടു മുകളിൽ ലാബ് സംവിധാനങ്ങൾ, മുകളിലത്തെ നിലയിൽ ശാസ്ത്രജ്ഞർ, അനുബന്ധ ഡോക്ടർമാർ എന്നിവർക്കുള്ള താമസ സൗകര്യം തുടങ്ങിയവയാണ് ഒരുക്കുന്നത്. മൃഗങ്ങളിലൂടെയുളള അണുബാധ പരിശോധന സൗകര്യം, രോഗനിർണയ സംവിധാനം തുടങ്ങിയവയൊക്കെ പിഴവറ്റ രീതിയിൽ ചെയ്യാനാവും.

പരിമിതികളിൽ പരിശോധന

നിലവിൽ എൻ.ഐ.വിയിലേക്കു വാങ്ങിയ വിദേശ നിർമ്മിത ഉപകരണങ്ങൾ സ്ഥല പരിമിതി മൂലം പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാർക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണിപ്പോൾ. മെഡിക്കൽ കോളേജ് ആശുപത്രി ബി ബ്ളോക്കിലെ രണ്ടാം നിലയിൽ 800 ചതുരശ്ര മീറ്ററിൽ പത്തുവർഷം മുമ്പ് അനുവദിച്ച ഭാഗത്താണ് ലാബ് പ്രവർത്തിക്കുന്നത്.