kaniv-

ശമ്പളമി​ല്ല; കനിവ് 108 ആംബുലൻസ് ജീവനക്കാർ കൂട്ട അവധിയിൽ

ആലപ്പുഴ: ശമ്പളം ലഭി​ക്കാൻ വൈകി​യതി​നെത്തുടർന്ന് ജി​ല്ലയി​ലെ 108 ആംബുലൻസ് ജീവനക്കാർ കൂട്ടഅവധി​യി​ൽ പ്രവേശി​ച്ചു. ഫെബ്രുവരി​ മാസം അവസാനി​ക്കാറായി​ട്ടും ജനുവരി​യി​ലെ ശമ്പളം നൽകി​യി​ല്ലെന്നാരോപി​ച്ചാണ് കനിവ് 108 ജീവനക്കാരുടെ പണി​മുടക്ക്. ഇതോടെ രോഗി​കളെ യഥാസമയം ആശുപത്രി​യി​ലെത്തി​ക്കാനും മറ്റും ഏറെ ബുദ്ധി​മുട്ട് അനുഭവപ്പെടുകയാണ്.

ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ നിന്ന് അടിയന്തിര ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ റഫർ ചെയ്ത ഗർഭിണിയായ യുവതിയെ കൊണ്ട് പോകുന്നതിനായി ആശുപത്രി അധികൃതർ 108 ആംബുലൻസിന്റെ സേവനം തേടിയിരുന്നു. എന്നാൽ ശമ്പളം ലഭിക്കാത്തതിനാൽ അവധിയിലാണെന്നും സർവീസ് നടത്താൻ കഴിയില്ലെന്നും ആംബുലൻസ് ജീവനക്കാർ അറിയിച്ചുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഡ്രൈവർമാരും നഴ്സുമാരും കൂട്ട അവധിയെടുത്തതോടെ ജില്ലയിലെ 108 ആംബുലൻസ് സേവനം പൂർണമായും നിലച്ച അവസ്ഥയാണ്. ജനുവരി മാസത്തെ ശമ്പളം അഞ്ചാം തിയതിയാണ് ലഭിക്കേണ്ടത്. എന്നാൽ ഇരുപതാം തിയതിയായിട്ടും ലഭിക്കാതായതോടെയാണ് ജീവനക്കാർ കൂട്ട അവധിയെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ഉത്തരവാദിത്വമുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്ന് പദ്ധതി നടത്തിപ്പിന്റെ ഫണ്ട് മാസങ്ങളായി മുടങ്ങിയതാണ് പ്രതിസന്ധികൾക്ക് കാരണമെന്നും ആരോപണമുണ്ട്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളുടെ നടത്തിപ്പ് തുക ഉൾപ്പടെ 50 കോടിയോളം രൂപ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ കരാർ കമ്പനിക്ക് നൽകാൻ കുടിശിക ഉണ്ടെന്നാണ് അറി​യുന്നത്. സംഭവത്തിൽ പ്രതികരിക്കാൻ ബന്ധപ്പെട്ട അധികൃതർ ഇതുവരെ തയ്യാറിയിട്ടില്ല. മുമ്പ് പല തവണ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളം വൈകുന്നതിൽ നടപടിയുണ്ടാകണമെന്ന് കാണിച്ച് നിവേദനം നൽകിയിരുന്നുയെങ്കിലും നടപടി ഉണ്ടായി​ട്ടി​ല്ലെന്ന് ജീവനക്കാരും പറയുന്നു.

.........

ജില്ലയിൽ കനിവ് ജീവനക്കാർ........73

ആംബുലൻസ്....................................18

(കൊവിഡ് ഡ്യൂട്ടിക്ക് മാത്രം............9

കൊവിഡ്, മറ്റ് ആവശ്യങ്ങൾക്ക്.......9)

......

ശമ്പളം

ഡ്രൈവർ ...............17394

എമർജൻസി മെഡിക്കൽ ടെക്നീഷൻ...........19380

12 മണിക്കൂർ ജോലി​

108 കനിവ് ജീവനക്കാർക്ക് 12 മണിക്കൂറാണ് ജോലി. ഒരു മാസം 26 ഡ്യൂട്ടി ചെയ്ത് ഇല്ലെങ്കിൽ ശമ്പളം കുറയും. ശമ്പളം കൂടാതെ ഇൻസെന്റീവ് ഒന്നും ലഭ്യമല്ല. അധികമായി കൊറോണ ഡ്യൂട്ടി ചെയ്തവർക്ക് ഒരു ആനുകൂല്യവും ഇവർക്ക് ലഭ്യമായില്ല. ആരോഗ്യപ്രവർത്തകർക്കൊപ്പം രോഗികൾക്ക് താങ്ങായി നിന്നവരാണ് കനിവ് പ്രവർത്തകർ.

......

# 100 കോടി

ആസ്തി​യുള്ള കമ്പനി​

ഹൈദരാബാദ് ആസ്ഥാനമായ ജെ.വി.കെ.ഇ.എം.ആർ.ഐയ്ക്കാണ് കനിവിന്റെ നടത്തിപ്പ് ചുമതല. പ്രോജക്ട് ഏറ്റെടുക്കുന്ന കമ്പനിക്ക് ടെൻഡർ നൽകണമെങ്കിൽ 100 കോടി ആസ്തി​യായിരുന്നു അടിസ്ഥാനം. ചുമതല വഹിക്കുന്ന കമ്പനിക്ക് 100 കോടിക്ക് മുകളിൽ ആസ്തി​യുണ്ട്. ഒരു ആംബുലൻസിന് 3000 രൂപയോളം ഡീസൽ ഒരുദിവസം ആവശ്യമുണ്ട്. എന്നാൽ ഇതുവരെ ഒരു രൂപ പോലും മുടക്കം കൂടാതെയാണ് ഡീസൽ പമ്പുകളിൽ നിന്ന് അടിക്കുന്നത്. ശമ്പളത്തിന് മാത്രമാണ് അപ്പപ്പോൾ ചെലവ് വരുന്നത്. സർക്കാരിന് കമ്പനി മൂന്ന് മാസം കൂടുമ്പോഴാണ് ചെലവ് ഹാജരാക്കുന്നത്. കണക്ക് പരിശോധിച്ച് കഴിഞ്ഞ് ഫണ്ട് അനുവദിക്കും.

........

'' ജീവനക്കാർക്കുള്ള ശമ്പളം സർക്കാർ നൽകാൻ തയ്യാറാകണം. കമ്പനി ഇതുവരെ ശമ്പളം കൃത്യമായി നൽകിയിട്ടില്ല. സമരവും നോട്ടീസ് അയച്ച് പ്രശ്നം രൂക്ഷമാകുമ്പോഴാണ് പരിഹാരം കാണുന്നത്. രണ്ട് മാസമായി ശമ്പളം കിട്ടിയിട്ട്. ഇതുകൊണ്ടാണ് പ്രതി​ഷേധം.

(വി.ആർ.രാജീഷ്,സി.ഐ.ടി.യു ജനറൽ സെക്രട്ടറി)