
ആലപ്പുഴ: കയർഫെഡിന്റെ ഈ വർഷത്തെ വിറ്റുവരവ് 200 കോടിയിലേക്ക് കടക്കുകയാണെന്ന് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ പറഞ്ഞു. ആലപ്പുഴയിൽ കയർഫെഡിന്റെ 28-ാമത് വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് ധന-കയർ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന രണ്ടാംകയർ പുനഃസംഘടന പദ്ധതിയുടെ ഫലമായാണ് നേട്ടം കൈവരിക്കാനായത്. പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നത് കയർഫെഡാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കയർഫെഡിന്റെ ശരാശരി വാർഷിക വിറ്റുവരവ് 54 കോടിയായിരുന്നു. കയർ ഉത്പാദനത്തിലും വിപണനത്തിലും ഉണ്ടായ അഭൂതപൂർവ്വമായ വളർച്ചയുടെ ഫലമായി വിറ്റുവരവ് നാലിരട്ടിയോളമായാണ് വർദ്ധിച്ചത്. സർക്കാരിന്റെ അകമഴിഞ്ഞ സാമ്പത്തിക സഹായം കൊണ്ടാണ് ഇത് സാദ്ധ്യമായത്. കയർഫെഡിൽ കയർ ഇറക്കിയാൽ ഉടൻ പണം നൽകാൻ കഴിയുന്ന തരത്തിൽ സാമ്പത്തികഭദ്രത നേടിയിട്ടുണ്ടെന്നും സർക്കാർ ഇപ്പോൾ 10 കോടി രൂപ നൽകിയത് കയർഫെഡിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘങ്ങളുടെ കടബാദ്ധ്യത ഒഴിവാക്കാൻ സർക്കാർ കയർ കടാശ്വാസ പദ്ധതി പ്രഖ്യാപിക്കുകയും 25 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതുവഴി 101 സംഘങ്ങളുടെ കടം എഴുതിത്തള്ളി. 400 ഓളം സംഘങ്ങൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചു. കയർ ഉത്പാദനം 70,000 ക്വിന്റലിൽ നിന്നു നടപ്പുവർഷം മൂന്ന് ലക്ഷം ക്വിന്റലായി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാർഷിക യോഗത്തിൽ കയർഫെഡ് ജനറൽ മാനേജർ ബി.സുനിൽ സ്വാഗതം പറഞ്ഞു. കയർഫെഡ് മുൻ പ്രസിഡന്റ് എസ്.എൽ.സജികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കയർഫെഡിന്റെ 2018-19, 2019-20 വർഷത്തെ റിപ്പോർട്ടും കണക്കും, ബഡ്ജറ്റ് തുടങ്ങിയവയും യോഗം ചർച്ച ചെയ്തു അംഗീകരിച്ചു. വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, വി.എസ്.മണി തുടങ്ങിയവർ സംസാരിച്ചു.