
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് എത്താൻ വഴികാണാതെ ബുദ്ധിമുട്ടുകയാണ് തീരദേശ വാസികൾ. തീരദേശ സർവീസുകൾ പലതും നിർത്തലാക്കിയതാണ് പ്രശ്നം. വണ്ടാനം ആശുപത്രിയിലേയ്ക്ക് അനുവദിച്ചിരുന്ന തീരദേശ റോഡിലൂടെയുളള അർത്തുങ്കൽ- വണ്ടാനം ബസ് കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയിരുന്നു. ഒരു വർഷമായിട്ടും ഇത് പുനഃസ്ഥാപിച്ചിട്ടില്ല. ചേർത്തലയിൽ നിന്നും വണ്ടാനത്തേയ്ക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഇപ്പോൾ ഓടുന്നില്ല. തീരദേശത്തു നിന്നുള്ള രോഗികളും, ജീവനക്കാരും ഓട്ടോ പിടിച്ച് ദേശീയ പാതയിലെത്തി ബസ്സിൽ കയറേണ്ട ഗതികേടിലാണ്. ഉള്ള ബസിൽ ആളെ കുത്തിനിറച്ചാണ് യാത്ര. ആശുപത്രി ജീവനക്കാരുടേയും, രോഗികളുടേയും യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ നടപടി എടുക്കണമെന്ന് ഗവ. നഴ്സസ് യൂണിയൻ സെക്രട്ടറി ഇ.ജി.ഷീബ ആവശ്യപ്പെട്ടു .