മാവേലിക്കര: നിക്ഷേപത്തട്ടിപ്പ് നടത്തിയ കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരും ഏജന്റുമാരും മാവേലിക്കര പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ഥാപനത്തിനെതിരെ കേരളത്തിലുടനീളമുള്ള പൊലീസ് സ്‌റ്റേഷനുകളിൽ നൽകിയ കേസുകളിൽ രണ്ടു വർഷം പിന്നിട്ടിട്ടും കാര്യമായ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സമരത്തിൽ പങ്കെടുത്തവർ ആരോപിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന നിക്ഷേപകരുടെ ആവശ്യത്തെ പൊലീസ് എതിർക്കുകയാണ്. വിഷയത്തിൽ ന്യായമായ ഇടപെടൽ നടത്തി പണം തിരികെ ലഭിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതായും സമരക്കാർ പറഞ്ഞു. രവി ചെട്ടികുളങ്ങര, ഈപ്പൻ മോനിച്ചൻ, എം.എസ്.പിളള, വർഗീസ് ജോർജ്, അമ്പിളി എസ്.കുറുപ്പ്, മായ വേണുഗോപാൽ, മിനി വി.നായർ, അജിതാ രാജ്, ലക്ഷ്മി സന്ദീപ്, വിദ്യ ശ്രീകുമാർ, ഏലിയാമ്മ തോമസ്, ടി.രാജമ്മ, ജനാർദ്ദനൻപിളള, ബിന്ദു അനിൽകുമാർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.