ആലപ്പുഴ: കുട്ടനാട് - അപ്പർകുട്ടനാട് മേഖലകളിൽ പുഞ്ചക്കൃഷിയുടെ വിളവ് എടുപ്പ് ഉത്സവം ആരംഭിച്ചു. 584 പാടശേഖരങ്ങളിലായി 27,532 ഹെക്ടറിൽ നടത്തിയ പുഞ്ചക്കൃഷിയുടെ കൊയ്ത്തിനാണ് തുടക്കമായത്. ആദ്യം വിത നടത്തിയ അമ്പലപ്പുഴ, ചമ്പക്കുളം, പള്ളാത്തുരുത്തി ഭാഗങ്ങളിലെ ചില പാടശേഖരങ്ങളിൽ വിളവെടുപ്പ് പൂർത്തീകരിച്ചു. മേയ് പകുതിയോടെ പുഞ്ച വിളവെടുപ്പ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഉന്നത തലയോഗ തീരുമാനം അനുസരിച്ച് കൊവിഡ് മാനദണ്ഡം അനുസരിച്ചുള്ള വിളവെടുപ്പ് വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചു. പുഞ്ചക്കൃഷി തുടങ്ങിയപ്പോൾ മഴയായിരുന്നതിനാൽ എല്ലാ പാടത്തും ഒരേ പോലെ വിളവെടുപ്പിനുള്ള സാഹചര്യം ഇത്തവണ ഒഴിവാകുമെന്നതും ആശ്വാസം പകരുന്നു. വെള്ളപ്പൊക്കം, മുഞ്ഞ, ഓലചുരുട്ടി, ഓരുജലം, വേലിയേറ്റം എന്നീ പ്രതികൂല അവസ്ഥകളെ അതിജീവിച്ചാണ് വിളവെടുപ്പ്. കാലംതെറ്റി മഴയെത്തിയാൽ കണക്കുകൂട്ടലുകൾ തെറ്റും. രണ്ടാം കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ഡിസംബർ 31നാണ് അവസാനിച്ചതിനാൽ ശേഷിച്ച നെല്ല് സംഭരിച്ചത് പുഞ്ചക്കൃഷിയുടെ അക്കൗണ്ടിലാണ്. രണ്ടാം കൃഷിയുടെ സംഭരണത്തിന് ചുമതലപ്പെടുത്തിയ 46 മില്ലുകൾക്കാണ് ഇത്തവണയും സംഭരണ ചുമതല. സപ്ലൈകോ പുഞ്ച നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്‌ട്രേഷൻ ഈ മാസം 28 വരെ നീട്ടി. രജിസ്‌ട്രേഷൻ നടത്താത്ത കർഷകരുടെ നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
100 ഹെക്ടറിൽ വിളവെടുപ്പിന് 5 ദിവസം
കൊയ്ത്തുമായി ബന്ധപ്പെട്ട് കൊയ്ത്തു, മെതി യന്ത്രത്തിന്റെ വാടക ജങ്കാർ സംവിധാനം വേണ്ടി വരുന്ന പാടശേഖരങ്ങളിൽ മണിക്കൂറിന് 2200 രൂപയും മറ്റ് പാടശേഖരങ്ങളിൽ 2100 രൂപയുമാണ്. 100 ഹെക്ടർ വിസ്തൃതിയിൽ അഞ്ച് ദിവസം കൊണ്ട് 10 യന്ത്രങ്ങളുടെ സഹായത്തോടെ വിളവെടുക്കാൻ കഴിയും വിധമാണ് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം കലണ്ടർ തയ്യാറാക്കിയത്.
# കൃഷി ഭൂമി ഹെക്ടറിൽ
@ ആകെ വിസ്തൃതി- 30,000
@ വിളവിറക്കിയത്- 27,532
@ വിളവെടുപ്പ് പൂർത്തീകരിച്ചത്-686.42
@സംഭരിച്ച നെല്ല്-530 മെട്രിക് ടൺ
@ പാടശേഖരങ്ങൾ- 584
@ യന്ത്രങ്ങൾ- 100
@ മില്ലുകൾ- 46