
ആലപ്പുഴ: സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച ഗൾഫിൽനിന്നെത്തിയ മാന്നാർ സ്വദേശി ബിന്ദുവിന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചു. സ്വർണക്കടത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്ന ഈ യുവതി എത്ര തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ബിന്ദു ഈ സംഘവുമായി എങ്ങനെയാണ് ബന്ധം സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച പുലർച്ചെയാണ് 15 അംഗ സംഘം മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.
ദുബായിൽ വച്ച് ഖനീഫ എന്നയാൾ ഒരു പൊതി തന്നെ ഏൽപ്പിച്ചെന്നും സ്വർണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ബിന്ദു പൊലീസിനോട് പറഞ്ഞത്. പിന്നീട് സ്വർണമാണെന്നറിഞ്ഞപ്പോൾ മാലിയിൽ വച്ച് ഉപേക്ഷിക്കുകയായിരുന്നുവത്രെ. പൊതി തന്റെ കൈവശമുണ്ടായിരുന്നുവെന്ന് ബിന്ദു തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇവർ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന ദിശയിലേക്ക് അന്വേഷണ സംഘം എത്തിയത്.
നെടുമ്പാശേരിയിൽ എത്തിയ ബിന്ദുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഭർത്താവിനൊപ്പം മാന്നാറിലേക്ക് പോകുന്നതിനു പകരം മുണ്ടക്കയത്ത് പോയതായും സംശയിക്കുന്നു.
എത്രതവണ സ്വർണം കടത്തിയെന്നും സംഘവുമായി ബന്ധപ്പെട്ടതെങ്ങനെയെന്നും എത്രകാലമായി അടുപ്പം തുടങ്ങിയിട്ടെന്നും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ദൗത്യം. ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. മാന്നാർ, ചെങ്ങന്നൂർ, എടത്വ എന്നീ എസ്.എച്ച്.ഒമാരാണ് സംഘത്തിലുള്ളത്.
ജോലി നഷ്ടം, കടബാദ്ധ്യത
മാന്നാറിലെ പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്ന ബിനോയ്- ബിന്ദു ദമ്പതികൾ രണ്ട് വർഷം മുമ്പാണ് മാന്നാർ പഞ്ചായത്ത് ഓഫീസിനു സമീപം സ്വന്തമായി സ്ഥലവും വീടും വാങ്ങി താമസമാക്കിയത്. പ്രദേശവാസികളുമായി വലിയ അടുപ്പം ഇല്ലായിരുന്നു. സ്വകാര്യ ധനകാര്യ ബാങ്കിൽ നിന്ന് 30ലക്ഷം രൂപ വായ്പ എടുത്താണ് വീടു വാങ്ങിയത്. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായി. വായ്പ അടയ്ക്കാനായി സ്വർണം വിൽക്കാനുള്ള സാദ്ധ്യതയും പൊലീസ് അന്വേഷിക്കുന്നു. ബിനോയിയുടെയും ബിന്ദുവിന്റെയും അച്ഛനമ്മമാരും മകളും സഹോദരങ്ങളും ഉൾപ്പെടുന്ന കൂട്ടുകുടുംബമാണ് ഇവരുടേത്. നാട്ടിൽ കഴിയുന്ന ബിനോയ് പലപ്പോഴും മുണ്ടക്കയത്ത് പോകാറുണ്ട്. ബിന്ദുവിനെയും ബിനോയിയെയും അന്വേഷിച്ച് പലപ്പോഴും അപരിചിതർ എത്തിയിരുന്നെങ്കിലും സംശയം തോന്നിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കോട്ടയം സ്വദേശിയായ ബിനോയ് ആറ് വർഷം മസ്ക്കറ്റിൽ കാർവാഷ് സ്ഥാപനം നടത്തിയിരുന്നു. അത് നഷ്ടത്തിലായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് മൂന്നു വർഷം ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തു. അതിനുശേഷം അഞ്ചു വർഷം ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലിനോക്കുമ്പോഴാണ് കൊവിഡിനെ തുടർന്ന് ജോലി നഷ്ടമായത്. എട്ട് മാസംമുമ്പ് ബിനോയിയും തുടർന്ന് ബിന്ദുവും നാട്ടിലെത്തി. രണ്ട് മാസത്തിനു ശേഷം ബിന്ദു വിസിറ്റിംഗ് വിസയിൽ ദുബായിൽ സൂപ്പർ മാർക്കറ്റിൽ കാഷ്യറായി ജോലിചെയ്തസ്ഥാപനത്തിലെക്ക് പോയി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേന്നാൾ മടങ്ങിയെത്തിയ ഇവർ ജനുവരിയിൽ വീണ്ടും വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് മടങ്ങി. എന്നാൽ, ജോലി ലഭിച്ചില്ലത്രെ. 40 ദിവസത്തിനു ശേഷം നാട്ടിലേക്ക് 19ന് മടങ്ങിവരുമ്പോഴാണ് മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘം ഒന്നരക്കിലോ സ്വർണം കൊടുത്തുവിട്ടത്.