
മാമ്മൂട് - പണിക്കർ ജംഗ്ഷൻ റോഡിനിരുവശവും താമസിക്കുന്നവർ ദുരിതത്തിൽ
ആലപ്പുഴ : ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് തീരാശാപമായി മാറിയ മാമ്മൂട് - പണിക്കർ ജംഗ്ഷൻ റോഡിന്റെ ടാറിംഗ് ഇനിയും വൈകും. ഉടൻ ഗതാഗതയോഗ്യമാക്കുമെന്ന് ജനപ്രതിനിധികൾ നാട്ടുകാർക്ക് വാഗ്ദാനം നൽകാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ഇതുവരെ യാഥാർത്ഥ്യത്തോടടുത്തിട്ടില്ല. ആലപ്പുഴ നഗരസഭയിലെ കറുകയിൽ, കൊറ്റംകുളങ്ങര,കരളകം വാർഡുകളിലായുള്ളതാണ് ഈ റോഡ്. കഴിഞ്ഞ മാസം ടാറിംഗ് നടത്തുമെന്നാണ് അവസാനം നൽകിയ വാഗ്ദാനം. അത് പാലിക്കപ്പെട്ടില്ല കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാലുടൻ പണി ആരംഭിക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
റോഡിൽ മെറ്റൽ ഇളകി കിടക്കുന്നതിനാൽ പൊടിശല്യവും രൂക്ഷമാണ്. ഏതെങ്കിലും വാഹനം കടന്നുപോയാൽ റോഡിന്റെ മറുവശം കാണാനാകാത്തവിധം പൊടി നിറയുമെന്ന് നാട്ടുകാർ പറയുന്നു. ഇളകി കിടക്കുന്ന മെറ്റലിൽ കയറി ഇരു ചക്രവാഹനങ്ങൾ രാത്രികാലങ്ങളിൽ അപകടത്തിൽപ്പെടുന്നതും പതിവാണ്. മൂന്ന് വാർഡുകളിലൂടെ കടന്നു പോകുന്ന റോഡായതിനാൽ മൂന്ന് കരാറുകാരാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. പാലക്കുളം-കരളകം ഭാഗത്ത് നിർമ്മാണപ്രവർത്തനം തുടക്കം മുതൽ ഇഴഞ്ഞാണ് നീങ്ങിയതെന്നും ആക്ഷേപമുണ്ട്. റോഡ് മോശം ആയതിനാൽ ഓട്ടോറിക്ഷക്കാർ ഈ ഭാഗത്തേക്ക് ഓട്ടം വരാനും മടിക്കുന്നു.
മാമ്മൂട് - പണിക്കർ ജംഗ്ഷൻ റോഡ്
മൂന്ന് വാർഡുകളിലായി 1400 മീറ്റർ
രണ്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചു
അമൃത് ഫണ്ടുപയോഗിച്ചാണ് നിർമ്മാണം
മഴക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും
''ഒരാഴ്ചയ്ക്കുള്ളിൽ മാമ്മൂട് മുതൽ പാലക്കുളം വരെയുള്ള റോഡിന്റെ പണി ആരംഭിക്കും. മാർച്ചിൽ ഇവിടെ വരെയുള്ള റോഡ് നിർമ്മാണം പൂർത്തീകരിക്കും.
(എം.ആർ.പ്രേം, കൗൺസിലർ,കറുകയിൽ വാർഡ്)
''കൊറ്റം കുളങ്ങര ഉത്സവം കഴിഞ്ഞ് റോഡ് പണി ആരംഭിക്കുമെന്നാണ് കരാറുകാരൻ പറഞ്ഞിട്ടുള്ളത്. എത്രയും വേഗം നിർമ്മാണജോലികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
(അമ്പിളി അരവിന്ദ്, കൗൺസിലർ, കരളകം വാർഡ്)