ആലപ്പുഴ: ആലപ്പുഴ ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ടി.ടി.ഐ) മന്ത്രി ജി.സുധാകരന്റെ 2016-17ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച് പണിപൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റം കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ശവക്കോട്ടപ്പാലം ആറുമാസത്തിനകവും മുപ്പാലം മൂന്നുമാസത്തിനകവും പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരേസമയം 50 അദ്ധ്യാപക വിദ്യാർത്ഥികൾക്കും 40 മുതൽ 80 വരെ എൽ.പി, യു.പി കുട്ടികൾക്കും ഇരിക്കാൻ ആവശ്യമായ സൗകര്യം കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ആറു മാസത്തെ കാലാവധി കൊണ്ടാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എ.അലക്‌സാണ്ടർ മുഖ്യാതിഥിയായി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനീത, കൗൺസിലർ സിമി ഷാഫി ഖാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ.ഷൈല, വിദ്യാഭ്യാസ ഓഫീസർ ഭാരതി ഷേണായി,

ഗവ. ടി.ടി.ഐ പ്രിൻസിപ്പൽ ഡി.പുഷ്പലത, പി.ടി.എ പ്രസിഡന്റ് എ.സീന മോൾ, എക്‌സിക്യൂട്ടീവ് എൻജിനീയർ (കെട്ടിട വിഭാഗം) വി.ഐ.നസീം എന്നിവർ സംസാരിച്ചു.