അമ്പലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പതിമൂന്ന് റോഡുകളുടെ നിർമാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. പഞ്ചായത്തിനും നഗരസഭയ്ക്കും വേണ്ടത്ര ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് എം.എൽ.എ യുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് അമ്പലപ്പുഴയിൽ വികസന പ്രവർത്തങ്ങൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 30 വർഷം വരെ കേടു വരാത്ത ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡുകളാണ് നിർമ്മിക്കുന്നത്.

അമ്പലപ്പുഴ താലൂക്കിലെ റോഡുകൾ, പാലങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് മൂവായിരം കോടി രൂപയാണ് നിക്ഷേപിച്ചതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മികച്ച രീതിയിൽ പ്രവർത്തിച്ചതിനാലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. താലൂക്കിലെ ഏറ്റവുമധികം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് തീരമേഖലയിലാണെന്നും മന്ത്രി പറഞ്ഞു.