vaccine

ആലപ്പുഴ: തി​രഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ ജില്ലയിൽ പ്രതിരോധ വാക്‌സിൻ വിതരണം തുടങ്ങും. രജിസ്റ്റർ ചെയ്തവരുടെ ഫോണിൽ വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവയറിയിക്കുന്ന സന്ദേശം ലഭിക്കും. ആധാർ കാർഡും മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയുമായി കേന്ദ്രത്തിലെത്തണം. വാക്‌സിനെടുത്ത ശേഷവും ശരിയായി മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും കൈകൾ അണുവിമുക്തമാക്കേണ്ടതുമാണ്.

മുൻപുണ്ടായിട്ടുള്ള കൊവിഡ് ബാധ, ഹൃദയം, നാഡി, ശ്വാസകോശം, വൃക്ക സംബന്ധമായ രോഗങ്ങൾ, കാൻസർ, പ്രതിരോധശക്തി കുറയുന്ന അവസ്ഥ, എച്ച്.ഐ.വി തുടങ്ങിയ സാഹചര്യങ്ങളൊന്നും പ്രതിരോധ കുത്തിവയ്‌പെടുക്കുന്നതിന് തടസമല്ല.

കൊവിഡ് രോഗബാധയുടെ ലക്ഷണങ്ങളുള്ളവർ, ഏതെങ്കിലും രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ളവർ, ആശുപത്രിയിൽ കഴിയുന്നവർ എന്നിവർ രോഗമുക്തരായ ശേഷം 4 - 8 ആഴ്ച കഴിഞ്ഞ് വാക്‌സിനെടുക്കുക. അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകളോ ഉള്ളവർ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് വാക്‌സിനെടുക്കുക. തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് മറ്റുള്ളവരുമായി സമ്പർക്കത്തിലാകാനും കൊവിഡ് ബാധിതരാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് വാക്സി​നെടുക്കുന്നത്.

ഇവർ വാക്സി​ൻ എടുക്കരുത്

എന്നാൽ ഗുരുതരമായ അലർജി പ്രശ്‌നമുള്ളവർ, ഗർഭിണികൾ, ഗർഭിണിയാണെന്ന് സംശയിക്കുന്നവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ വാക്‌സിൻ സ്വീകരിക്കരുത്.