ksrtc-

ആലപ്പുഴ: കെ.എസ്.ആർ.ടി.സി.യിൽ ഐ.എൻ.ടി.യു.സി., ബി.എം.എസ്. യൂണിയനുകൾ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. ജില്ലയിലെ സെൻട്രൽ സോൺ ഡിപ്പോകളിൽ നിന്നു സർവീസുകൾ ഒന്നും നടന്നില്ല. സൗത്ത് സോണിലെ എടത്വാ ഡിപ്പോയിൽ നിന്നും ഒരു സർവീസ് ഓടിക്കാനായി. സർവീസുകൾ നിലച്ചതോടെ ജനം വലഞ്ഞു. സ്കൂൾ -കോളേജ് വിദ്യാർത്ഥികളാണ് ഏറെ വലഞ്ഞത്.

ദീർഘദൂര ബസുകളിൽ തീരെചുരുക്കം മാത്രം സ്റ്റാൻഡുകൾ വഴി കടന്നുപോയി. മാവേലിക്കര റീജിയണൽ വർക്ക്‌ഷോപ്പിൽ 109 പേരിൽ 36 പേർ ജോലിക്കു കയറി. ജീവനക്കാർ തമ്മിൽ ചി​ല വാക്കുതർക്കങ്ങൾ നടന്നതല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായില്ല. സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചായിരുന്നു യാത്ര. ഓട്ടോറിക്ഷകളെയും പലരും ആശ്രയിച്ചു.കുട്ടനാട് മേഖലകളിലേക്കുള്ളവരും വലഞ്ഞു. പലരും ജലഗതാഗതം പ്രയോജനപ്പെടുത്തി.

ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിർത്തുമാണ് ജീവനക്കാർ പണി​മുടക്കി​യത്. സി.ഐ.ടി.യു,എ.ഐ.ടി.യു.സി. സംഘടനകൾ പണിമുടക്കിനോടു വിയോജിച്ചിരുന്നെങ്കിലും ജോലിയിൽ നിന്നു വിട്ടു നിന്നു. ഇതാണ് കെ.എസ്.ആർ.ടി.സി.യെ നിശ്ചലമാക്കിയത്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിപ്പോകളിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേർന്നു.

സ്വകാര്യ ബസി​ൽ തിരക്ക്

അമ്പലപ്പുഴ-തിരുവല്ല, കുട്ടനാടൻ മേഖലയിൽ കെ. എസ് ആർ.ടി.സി ബസ് ഇല്ലാത്തിനാൽ ജനങ്ങൾ ദുരിതത്തിന് ഇടയാക്കി . രാവിലെ ബസ് സ്റ്റാൻഡിൽ നല്ല തിരക്കായിരുന്നു. ഒരു വിഭാഗം പണിമുടക്കിൽ നിന്ന് വിട്ട് നിന്നതിനാൽ ബസ് സർവീസ് ഉണ്ടാകുമെന്നായിരുന്നു ആളുകളുടെ പ്രതീക്ഷ. എന്നാൽ സ്വകാര്യ ബസിൽ വൻ തിരക്കായിരുന്നു. രാവിലെയും വൈകിട്ടുമായിരുന്നു തിരക്ക് കൂടുതൽ. ഒരി​ടവേളയ്ക്ക് ശേഷം സ്വകാര്യ ബസുകളി​ൽ തി​രക്കനുഭപ്പെട്ടെങ്കി​ലും കൊവിഡ് വ്യാപന സമയമായതി​നാൽ അതും ആശങ്ക ഉണർത്തുന്നു.

ഹാജർ കുറവ്

സർക്കാർ ഓഫീസിൽ ഹാജർനില കുറവായിരുന്നു. കളക്ടറേറ്റിൽ പല ഡിപ്പാർട്ട്മെന്റിലും ഇത് ബുദ്ധിമുട്ടിന് ഇടവരുത്തി. കെ.എസ്.ആർ.ടി.സി ബസില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് ഓഫീസിൽ എത്തിച്ചേരുവാൻ കഴിഞ്ഞില്ല.