കുട്ടനാട്: കൂലിബാക്കി നൽകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചെത്ത് തൊഴിലാളികൾ ആരംഭിച്ച കള്ള് കെട്ടി പണിമുടക്കിനെത്തുടർന്ന് കുട്ടനാട്ടിലെ കള്ള് ചെത്ത് വ്യവസായം സ്തംഭനത്തിലേക്ക്. ഷാപ്പുടമകൾ വെള്ളപ്പൊക്കം,കൊവിഡ് തുടങ്ങിയ പ്രശ്നങ്ങൾ പറഞ്ഞ് ഇതുവരെയുള്ള കണക്ക് അംഗീകരിക്കാനോ കൂലി ബാക്കി നൽകാനോ തയ്യാറാകാത്തതാണ് പണിമുടക്കിന് കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
ഒരു ലിറ്റർ കള്ളിന് 27 രൂപയായിരുന്നത് 60 രൂപയായും 354 രൂപയായിരുന്ന ഡി.എ 90 രൂപയാക്കിയും 2019 നവംബറിൽ സർക്കാർ നിശ്ചയിച്ചിരുന്നു കുറഞ്ഞത് ആറ് ലിറ്റർ കള്ള് അളക്കുന്ന തൊഴിലാളിക്കേ ഡി.എക്ക് അർഹതയുണ്ടായിരിക്കുകയുള്ളു.
കള്ള് ഷാപ്പിൽ അളക്കുമ്പോൾ തൊഴിലാളികൾക്ക് ഒരു നിശ്ചിത വിലയേ അന്നന്ന് നൽകാറുള്ളൂ. ബാക്കിയുള്ള തുക പിന്നീട് കണക്ക് പറഞ്ഞ് ഒന്നിച്ചു നൽകുകയാണ് ചെയ്യുന്നത്. ഇതാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. സമരമൊഴിവാക്കാൻ സംയുക്ത ട്രേഡ് യൂണിയനും ഷാപ്പ് കരാറുകാരും തമ്മിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
കഴിഞ്ഞ ദിവസം മുതലാണ് തൊഴിലാളികൾ ഷാപ്പിന് മുന്നിൽ കള്ള് കെട്ടി സമരം ആരംഭിച്ചത്. കുട്ടനാട് എക്‌സൈസ് റേഞ്ച് ഓഫീസിന് കീഴിൽ 140 കള്ള് ഷാപ്പുകളുണ്ട്. ചെത്ത് തൊഴിലാളികൾക്ക് പുറമെ മറ്റ് ജീവനക്കാരെയും കൂടി കൂട്ടിയാൽ ഈ രംഗത്ത് പണിയെടുക്കുന്നവരുടെ എണ്ണം 800ഓളം വരും.